കോഴിക്കോട്: ''ഞാനെങ്ങനെ വിദേശിയാവും? ഇവിെട ചിലർ പറയുന്നതുകേട്ടാൽ തോന്നും ഞാൻ ബംഗാളിൽനിന്നെങ്ങാൻ വന്നതാണെന്ന്. കട്ടിപ്പാറക്കാർക്ക് കൊടുവള്ളിയിലെത്താൻ എത്രസമയം വേണം? അത്രയും സമയം മതി എനിക്ക് കൊടുവള്ളിയിലെത്താൻ. ഒരു വിളി അകലെ ഞാനുണ്ടാകുമെന്ന് നിങ്ങൾക്കുറപ്പുതരുന്നു.'' കൊടുവള്ളി നിയോജകമണ്ഡലത്തിലെ യു.ഡി.എഫിെൻറ മുഴുവൻ മുനിസിപ്പൽ അംഗങ്ങളെയും മുന്നിലിരുത്തിയാണ് മുനീറിെൻറ വാക്കുകൾ. യു.ഡി.എഫ് സ്ഥാനാർഥി 'സ്വദേശി'യല്ലെന്ന എതിരാളികളുടെ പ്രചാരണത്തിന് മറുപടിപറയുകയാണ് എം.കെ. മുനീർ.
തിങ്കളാഴ്ച രാവിലെ 11ന് വോട്ടർമാരെ കാണുന്നതിനിടയിലാണ് ജനപ്രതിനിധികളുടെ യോഗത്തിലേക്ക് മുനീറിെൻറ വരവ്. എൽ.ഡി.എഫ് സർക്കാർ കവർന്നെടുത്ത നിങ്ങളുടെ വിലയും നിലയും യു.ഡി.എഫ് അധികാരത്തിലെത്തിയാൽ തിരിച്ചുതരും. പെൻഷനുൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും വർധിപ്പിച്ചത് യു.ഡി.എഫ് സർക്കാറായിരുന്നു. പ്രസവമെടുക്കുന്ന ഡോക്ടർ കുട്ടിയുടെ പിതാവാണെന്ന് അവകാശപ്പെടുന്നതുപോലെയാണ് പിണറായി സർക്കാർ ഈ ആനുകൂല്യങ്ങളുടെയെല്ലം െക്രഡിറ്റ് അവകാശപ്പെടുന്നത്. ഏതാണ്ട് സി.എച്ചിെൻറ ശൈലിയിൽ ഇടതുമുന്നണിയെ കളിയാക്കി മുനീറിെൻറ പ്രസംഗം കാൽമണിക്കൂറിലധികം നീണ്ടു.
രാവിലെ ഒമ്പതിന് കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ തലപ്പെരുമണ്ണ ശ്രീ സത്യസായി സേവാ കേന്ദ്രത്തിലെ അന്തേവാസികളെ സന്ദർശിച്ചാണ് പര്യടനം തുടങ്ങിയത്. ഉച്ചക്കുമുമ്പ് കുെറ വീടുകൾ കയറിയിറങ്ങി. ആദ്യം മുതിർന്ന ലീഗ് നേതാവ് സിയാലി ഹാജിയുടെ വീട്ടിലാണ് മുനീറും പരിവാരങ്ങളും ഒത്തുകൂടിയത്. മധുരമില്ലാത്ത കട്ടൻ ചായയും ഡ്രൈഫ്രൂട്ട്സുമാണ് 'റെഫ്രഷർമെൻറ്'. മുനീർസാഹിബ് അത്തിപ്പഴം നേല്ലാണം കഴിക്കുന്നുെണ്ടന്ന് ആരോ കളിയാക്കി. ആരോഗ്യത്തിന് നല്ലതിതാണെന്ന് സ്ഥാനാർഥി. യാത്ര പുനരാരംഭിക്കുന്നതിനുമുമ്പ് അവിടെവെച്ച് 'മാധ്യമ'വുമായി അൽപനേരം സൗഹൃദ സംഭാഷണം.
നഗരത്തിൽനിന്ന് മണ്ഡലം ഗ്രാമത്തിലേക്ക് മാറിയതിെൻറ ത്രിൽ വേറെത്തന്നെയെന്ന് മുനീർ പറയുന്നു. കൊടുവള്ളി എനിക്കന്യമല്ല. ആത്മസുഹൃത്തുക്കൾ ഒരുപാടുണ്ടിവിടെ. അതിനേക്കാളുപരി പിതാവ് സി.എച്ച് കൊടുവള്ളിയിൽ എത്രയോ ആഴത്തിൽ ആത്മബന്ധമുണ്ടാക്കിയിരുന്നു. അതിെൻറ സ്വീകാര്യത തനിക്കിവിടെ ലഭിക്കുന്നു. ഇവിടത്തെ വീടുകളിൽ ബാപ്പ എത്രയോ തവണ താമസിച്ചിട്ടുണ്ട്. വ്യാപാരമേഖലയിൽ കൊടുവള്ളിയെ ഒരുപാട് വികസിപ്പിക്കാനുണ്ട്. എല്ലാ അർഥത്തിലും കൊടുവള്ളിയെ ഗോൾഡൺ സിറ്റിയാക്കുമെന്നാണ് എെൻറ വാഗ്ദാനം.
തലപ്പെരുമണ്ണ, പ്രാവിൽ, പറമ്പത്തുകാവ് തുടങ്ങി ഗ്രാമവഴികൾ പിന്നിട്ട് മുനീറും പരിവാരങ്ങളും ഒാടി. അതിനിടയിൽ കുഞ്ഞാലിക്കുട്ടിയുടെ കാൾ എത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിച്ചാണ് വിളി. മാധ്യമങ്ങളിലെ പ്രി പോൾ സർവേയുടെ പശ്ചാത്തലത്തിലാണ് കുഞ്ഞാപ്പയുടെ അന്വേഷണം. പ്രായമുള്ളവരെയും രോഗികളെയും സന്ദർശിക്കുന്നതിനിടയിൽ ഹൈസ്കൂൾ റോഡിലെ നെല്ലിക്കുന്നുമ്മൽ ജംഷീറിെൻറ കല്യാണപ്പുരയിലും കയറി.
അവിടെ പുതിയാപ്പിള ഒരുങ്ങുന്നേയുള്ളൂ. സ്ഥാനാർഥി മണിയറയിലെത്തി ആശംസ അറിയിച്ചു. നേതാക്കളായ അബ്ദുഹാജി, കെ.കെ.എ ഖാദർ, നസീഫ്, കോൺഗ്രസ് നേതാക്കളായ അബ്ദുൽ റസാഖ്, സി.കെ.എ ജലീൽ തുടങ്ങിയവരോടൊപ്പമാണ് മുഴുസമയപര്യടനം. വൈകുന്നേരം നരിക്കുനിയിലെ പാലോളിത്താഴത്ത് ആവേശം വിതറി മുനീറിെൻറ റോഡ്് ഷോ. തെരുവുകളിലുടനീളമുയർന്ന വ്യത്യസ്തമായ ബോർഡുകളിൽ മുനീറിനൊപ്പം നിഴൽ ചിത്രമായി സി.എച്ചുമുണ്ട്....
നരിക്കുനി: കൊടുവള്ളി നിയോജകമണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ഡോ. എം.കെ. മുനീറിെൻറ റോഡ് ഷോയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. പാലോളിത്താഴത്തുനിന്ന് ആരംഭിച്ച് നരിക്കുനി ടൗൺ വലംവെച്ച് പടനിലം റോഡിൽ സമാപിച്ചു. എ. അരവിന്ദൻ, ഐ.പി. രാജേഷ്, സി. മാധവൻ, വി. ഇൽയാസ്, പി. ശശീന്ദ്രൻ, പി.സി. മുഹമ്മദ് എന്നിവരും സ്ഥാനാർഥിയോടൊപ്പം അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.