കൊടുവള്ളി: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽനിന്നും യു.ഡി.എഫ് മുന്നണി ധാരണ പ്രകാരം പ്രസിഡന്റ് തോമസ് ബാബുകളത്തൂർ (കോൺഗ്രസ്), വൈസ് പ്രസിഡന്റ് സെലീന സിദ്ദീഖലി (മുസ്ലിം ലീഗ്), ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എസ്.പി. ഷഹന (മുസ്ലിം ലീഗ്) എന്നിവർ സ്ഥാനങ്ങൾ രാജിവെച്ചു. ബുധനാഴ്ച മൂന്നുപേരും രാജിക്കത്ത് സെക്രട്ടറിക്ക് കൈമാറി.
ആദ്യ രണ്ടുവർഷക്കാലം പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനും തുടർന്നുള്ള മൂന്നുവർഷം ലീഗിനും നൽകണമെന്ന ധാരണ പ്രകാരമാണ് രാജി. പരപ്പൻ പോയിൽ ഡിവിഷനിൽനിന്നും വിജയിച്ച ലീഗിലെ കെ.എം. അഷ്റഫിനെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചേക്കും.
മൂന്നുവർഷം വൈസ് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനാണ്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം രണ്ടുവർഷം കേരള കോൺഗ്രസിനും അവസാന വർഷം കോൺഗ്രസിനും ലഭിക്കും. സുമ രാജേഷ്, ബോബി ജോസഫ്, ഷിൽന ഷിജു എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണനയിലുള്ളത്.
അടുത്ത ദിവസം പാർട്ടി നേതൃത്വം യോഗം ചേർന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സ്ഥാനം കൂടരഞ്ഞി ഡിവിഷനിൽനിന്നും വിജയിച്ച ഹെലൻ ഫ്രാൻസിസിനാണ് ലഭിക്കുക. മറ്റ് സ്ഥിരം സമിതികളിൽ മാറ്റം ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.