കൊടുവള്ളി: ഭരണ സൗകര്യത്തിെൻറ മറവിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുകയും പൊലീസിനെ ഉപയോഗിച്ച് മുസ്ലിംലീഗ് നേതാക്കൾക്കെതിരെ കള്ളക്കേസ് എടുത്ത് പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കാനുമുള്ള സി.പി.എം നിലപാട് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സൗഹൃദാന്തരീക്ഷത്തിൽ കഴിയുന്ന കൊടുവള്ളിയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചുവരുന്നത്.
2013ൽ ലീഗ് പ്രവർത്തകൻ അബൂബക്കർ സിദ്ദീഖിനെ കൊടുവള്ളി അങ്ങാടിയിൽ നൂറുകണക്കിന്ന് സി.പി.എം പ്രവർത്തകർ സംഘം ചേർന്ന് ആക്രമിക്കുകയും ഗുരുതരമായി പരിക്കേറ്റ് രണ്ടുദിവസം കഴിഞ്ഞ് സിദ്ദീഖ് മരണപ്പെടുകയുമാണുണ്ടായത്. ഇതിന് സാഹചര്യമുണ്ടാക്കിയവർ ഒമ്പതുവർഷം കഴിഞ്ഞ് മുസ്ലിംലീഗിൽനിന്ന് പുറത്താക്കിയ വ്യക്തിയെ മുന്നിൽനിർത്തി നടത്തുന്ന പകപോക്കൽ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായി നേരിടും.
അന്നത്തെ മുസ്ലിംലീഗ് നേതാവായ മുൻ എം.എൽ.എക്കെതിരെയും ഇതുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളിൽ നിരവധി കേസുകളിൽ പ്രതിയായ വെളിപ്പെടുത്തൽ നടത്തിയ വ്യക്തിയെയും പ്രതിചേർക്കാതെ ഇപ്പോഴുള്ള നേതാക്കൾക്കെതിരെ കേസെടുത്തത് പൊലീസ്- സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് നേതാക്കൾ ആരോപിച്ചു. വെളിപ്പെടുത്തൽ നടത്തിയവർക്കെതിരെയും ഇല്ലാക്കഥ പ്രചരിപ്പിച്ച പത്രം, ചാനൽ എന്നിവർക്കെതിരെയും, മുസ്ലിംലീഗ് അയച്ച വക്കീൽ നോട്ടീസിൽനിന്നും കേസുകളിൽനിന്നും രക്ഷപ്പെടുന്നതിനുവേണ്ടിയാണ് രണ്ടുമാസം മുമ്പ് നടന്ന വെളിപ്പെടുത്തലിന്റെ കേസ് ഇപ്പോൾ പൊടിതട്ടിയെടുക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
പാർട്ടി നേതാക്കൾക്കെതിരെ നിയമപരമല്ലാതെ പൊലീസ് എടുത്ത കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. നഗരസഭ കമ്മിറ്റി പ്രസിഡൻറ് വി.കെ. അബ്ദുഹാജി, ജനറൽ സെക്രട്ടറി കെ.കെ. ഖാദർ, എ.പി. മജീദ്, എം. നസീഫ്, അലി മാനിപുരം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.