കൊയിലാണ്ടി: തികച്ചും അപ്രതീക്ഷിതമായിരുന്നു ആ വാർത്ത. പ്രിയപ്പെട്ട നാട്ടുകാരൻ ജമ്മു-കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച വിവരമറിഞ്ഞ് നാട് ഞെട്ടി. മാർച്ചിൽ പൂക്കാട് പടിഞ്ഞാറെ തറയിലെ മയൂരം വീട്ടിൽ എത്തി അവധി കഴിഞ്ഞ് തിരിച്ചു പോയതായിരുന്നു നായ്ക് സുബേദാര്‍ എം.ശ്രീജിത്ത്.
വാർത്ത ശരിയായിരിക്കല്ലേ എന്നായിരുന്നു എല്ലാവരുടേയും പ്രാർഥന. വളരെ ശ്രമപ്പെട്ടാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്. ഇതോടെ ദുഃഖം അണപൊട്ടി. ഭാര്യയും രണ്ടു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തെ ആശ്വസിപ്പിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു നാട്ടുകാരും ബന്ധുക്കളും.
വളരെ ചെറുപ്പത്തിൽ തന്നെ സൈനിക ജോലിയിൽ പ്രവേശിച്ചയാളാണ് ശ്രീജിത്ത്. ഭീകരവാദികളെ അമർച്ച ചെയ്യുന്നതിൽ പ്രാഗല്ഭ്യം തെളിയിച്ചു. 23 സേന മെഡലുകൾ കരസ്ഥമാക്കി.
രാഷ്ട്രപതിയിൽനിന്നുള്ള അവാർഡ് കുടുംബസമേതം ഡൽഹിയിൽ എത്തിയാണ് സ്വീകരിച്ചത്. പാകിസ്താനിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ എതിരിടുമ്പോഴാണ് ശ്രീജിത്ത് കൊല്ലപ്പെട്ടത്. ഭൗതികശരീരം കോയമ്പത്തൂരിൽ പാലക്കാട് ജില്ല കലക്ടർ ഏറ്റുവാങ്ങിയ ശേഷം പൂക്കാട് വീട്ടിലേക്ക് ശനിയാഴ്ച പുലർച്ച ഒന്നരയോടെയാണ് എത്തിച്ചത്.
ജില്ല അതിർത്തിയായ രാമനാട്ടുകരയിൽ കൊയിലാണ്ടി തഹസിൽദാർ മൃതദേഹം ഏറ്റുവാങ്ങി. വീട്ടുവളപ്പിൽ ശനിയാഴ്ച രാവിലെ ഏഴിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.