കൊയിലാണ്ടി (കോഴിക്കോട്): ഗൾഫിൽ നിന്നെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയശേഷം ഉപേക്ഷിച്ചു. മുത്താമ്പി തടോളിത്താഴ തോണിയാടത്ത് ഹനീഫ(39) യെയാണ് ഞായറാഴ്ച രാത്രി 11 മണിയോടെ വാഹനത്തിലെത്തിയ സംഘം വീടിനടുത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. സഹോദരിയുടെ വീട്ടിലേക്കു പോകുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ച നാലു മണിയോടെ വഴിയില്‍ ഇറക്കിവിട്ടു. മർദനമേറ്റ് മുഖത്തും തലയിലും ദേഹത്തുമൊക്കെ പരിക്കുണ്ട്.
സംഘത്തിൽ നാലു പേരുള്ളതായാണു വിവരം. അവശനായി വീട്ടിലെത്തിയ ഹനീഫയെ ബന്ധുക്കള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കു വിധേയമാക്കി. പിന്നീട് പൊലീസ് അനേഷണത്തിന് കൊയിലാണ്ടി സ്റ്റേഷനിൽ എത്തിച്ചു. തട്ടിക്കൊണ്ടുപോകൽ നടന്നതിെൻറ 200 മീറ്റര്‍ അകലെ റോഡരികില്‍നിന്ന് എയര്‍ പിസ്റ്റള്‍ പരിസരവാസിക്കു ലഭിച്ചിരുന്നു. ഇത് കൊയിലാണ്ടി സി.ഐ. എന്‍. സുനില്‍ കുമാര്‍, എസ്.ഐമാരായ ശ്രീലേഷ്, അനൂപ് എന്നിവര്‍ സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.
സംഭവം അറിഞ്ഞ ഉടനെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. വടകര റൂറല്‍ എസ്.പി ഡോ .എ. ശ്രീനിവാസ്, ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷെറീഫ് എന്നിവരുടേ നേതൃത്വത്തിലായിരുന്നു അന്വേഷണം. അതിനിടെയാണ് യുവാവ് വീട്ടില്‍ തിരിച്ചെത്തിയത്.
മൂന്നു വര്‍ഷം ഖത്തറിലായിരുന്ന ഹനീഫ മൂന്നു മാസം മുമ്പാണ് നാട്ടിലെത്തിയത്. സ്വര്‍ണക്കടത്തുമായുള്ള പ്രശ്നങ്ങൾ തട്ടിക്കൊണ്ടുപോകലിനു പിന്നിലുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നു. സമീപകാലത്തെ രണ്ടാമത്തെ തട്ടിക്കൊണ്ടുപോകലാണിത്.
ജൂലൈ 13 ന് അരിക്കുളം ഊരള്ളൂരില്‍ മാതോത്ത് മീത്തല്‍ അഷറഫിനെ (35) വീട്ടിൽ എത്തിയ അഞ്ചു പേർ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു ഈ തട്ടിക്കൊണ്ടുപോകല്‍.
അന്നു രാത്രി 12 മണിയോടെ കുന്ദമംഗലത്ത് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. കേസിലെ യഥാർഥ പ്രതികളെ കണ്ടെത്തിയിട്ടില്ല. തട്ടിക്കൊണ്ടുപോകലിനു പിന്നിൽ പ്രവർത്തിച്ച മൂന്നു കൊടുവള്ളി സ്വദേശികളെ സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു. നേരത്തേ നടന്ന തട്ടിക്കൊണ്ടുപോകലുമായി പുതിയ സംഭവത്തിനു ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.