കോഴിക്കോട്: വേനൽ കടുത്തതോടെ നഗരത്തിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കാൻ കോർപറേഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം.
എം.പി. ഹമീദിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് മേയർ ഡോ. ബീന ഫിലിപ്പ് ഇക്കാര്യമറിയിച്ചത്. കുടിവെള്ളം കിട്ടാത്തതും പൈപ്പ് പൊട്ടുന്നതും ജല അതോറിറ്റിക്കാരുടെ അശ്രദ്ധയുമടക്കം വിവിധ പരാതികൾ കൗൺസിലർമാർ യോഗത്തിൽ ഉന്നയിച്ചു.
നഗരത്തിൽ എവിടെയും കുടിവെള്ളം കിട്ടാനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് മേയർ പറഞ്ഞു. ആദ്യഘട്ടത്തിൽ പാളയം, മാവൂർ റോഡ് ബസ് സ്റ്റാൻഡുകളിൽ കോർപറേഷൻ വാട്ടർ കിയോസ്കുകൾ തുടങ്ങും. വിവിധ സംഘടനകളുടെ സഹായത്തോടെ നടപ്പാക്കും.
ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ വണ്ടിക്കൊപ്പം മൂന്നാമതൊരു വാഹനംകൂടി ഏർപ്പെടുത്തും. 8,000 ലിറ്ററിന്റെ വലിയ വാഹനത്തിലാണ് ഇപ്പോൾ വെള്ളമെത്തിക്കുന്നത്. മാനാഞ്ചിറയിൽ വെള്ളത്തിന് പ്രശ്നമുള്ളതിനാൽ ജല അതോറിറ്റിയിൽനിന്ന് പണംകൊടുത്ത് വെള്ളം വാങ്ങിയാണ് കോർപറേഷൻ വിതരണം ചെയ്യുക. വാട്ടർ അതോറിറ്റിയുടെ വാഹനത്തിനുള്ള വാടകയും കോർപറേഷൻ നൽകും. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മേയർ ഉറപ്പുനൽകി.
പാർക്കിങ് പ്ലാസകളുടെ കരാറെടുത്ത കമ്പനിയുടെ സി.ഇ.ഒയെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിൽ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത ശ്രദ്ധക്ഷണിച്ചത് പ്രക്ഷുബ്ദാവസ്ഥയുണ്ടാക്കി. പ്രശ്നം ഗൗരവമായി കാണണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാൽ, 2015ന് മുമ്പുള്ള കേസാണെന്നും കമ്പനിയെ പാർക്കിങ് പ്ലാസ ഏൽപിക്കാൻ പ്രതിപക്ഷ നേതാവടക്കമുള്ളവർ പഴയ കൗൺസിലിൽ അനുകൂലിച്ചതാണെന്നും ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു. പദ്ധതിയുമായി മുന്നോട്ട് പോവുമെന്നും അപാകതകളുണ്ടെങ്കിൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കച്ചവടത്തിനുള്ള ഡി ആൻഡ് ഒ ലൈസൻസ് നൽകാൻ ഹരിതകർമസേനയുടെ മാലിന്യം എടുത്തതിനുള്ള രശീതി വേണമെന്ന വ്യവസ്ഥ വ്യാപാരികൾക്ക് ദ്രോഹമായെന്ന് എസ്.കെ. അബൂബക്കർ. സർക്കാർ തീരുമാനമാണിതെന്ന് മേയർ മറുപടി നൽകി. നവ്യ ഹരിദാസ്, വി.പി. മനോജ്, മനോഹരൻ മാങ്ങാറിയിൽ എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധക്ഷണിച്ചു. അമൃത് ഫണ്ടിൽ വെസ്റ്റ്ഹിൽ, മാവൂർറോഡ് വാതക ശ്മശാനങ്ങൾ അഞ്ച് കോടി രൂപയിൽ നവീകരിക്കുന്നതിന് കൗൺസിൽ അംഗീകാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.