കോഴിക്കോട്: കോര്പറേഷന് പരിധിയിൽ 60 വയസ്സ് കഴിഞ്ഞവർക്കായി വയോജന ശാക്തീകരണ നയം ഒരുങ്ങി. നഗരത്തിൽ ഒരു ലക്ഷത്തിനടുത്തുള്ള മുതിർന്നവർക്ക് വേണ്ടി ആരോഗ്യമേഖല, സാമൂഹികാധിഷ്ഠിത മേഖല തുടങ്ങി വിവിധ തലക്കെട്ടുകളിലായി ക്ഷേമപ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യം. വരുന്ന വെള്ളിയാഴ്ച കോർപറേഷൻ കൗൺസിൽ യോഗത്തിൽ നയം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. മുതിർന്ന പൗരന്മാരുടെ പ്രാധാന്യവും ജീവിത നിലവാരവും ഉറപ്പാക്കി സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ പ്രാപ്തരാക്കുകയാണ് ഉദ്ദേശ്യം.
മുതിര്‍ന്ന പൗരന് ഇപ്പോൾ കിട്ടുന്ന ചികിത്സ ഏതെല്ലാമാണെന്നുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കും. എല്ലാ വാർഡിലും പ്രത്യേക ക്യാമ്പ് നടത്തി ആവശ്യ മരുന്നും പരിചരണവും ഉറപ്പാക്കും. ഫിസിയോ തെറപ്പി, കൗണ്‍സലിങ് തുടങ്ങിയ സൗകര്യങ്ങളുമൊരുക്കും. തൊഴിൽ, കരകൗശലപരിശീലനം എന്നിവ വേണമെങ്കിൽ ലഭ്യമാക്കും. നിയമസഹായങ്ങളും കിട്ടുന്നുവെന്ന് ഉറപ്പാക്കും. വയോ ക്ലബുകള്‍ ഇതിനായി ആരംഭിക്കും. നഗരസഭ തലത്തിലും വാര്‍ഡു തലത്തിലും വയോജന സമിതികളുണ്ടാക്കും.
ഓരോ വാര്‍ഡിലും 60 വയസ്സ് പൂർത്തിയായവരെ ഉള്‍പ്പെടുത്തി 50 ക്ലബുകള്വരെയുണ്ടാക്കണമെന്ന് നയരേഖയിൽ പറയുന്നു. 12 അംഗ എക്സിക്യുടീവ് കമ്മിറ്റിയാണ് ഇവ നിയന്ത്രിക്കുക. ക്ലബുകൾ വഴി ജീവിതചുറ്റുപാടുകള്‍ മനസ്സിലാക്കുന്നതിനൊപ്പം മാനസികവും ശാരീരികവുമായ വിനോദ പരിപാടികൾ ലഭ്യമാക്കുന്നത് ഉറപ്പാക്കും. പ്രായമായവരും പുതുതലമുറയുമായി സംഗമിക്കാൻ പ്രത്യേക ഒത്തുചേരൽ നഗരമെങ്ങും നടക്കും. പ്രായമായവർക്ക് കലാകായിക മത്സരങ്ങൾക്കും പ്രതിഭ തെളിയിക്കാനുമായി പ്രത്യേക സദസ്സുകളും ഒരുക്കും.
വയോ ക്ലബുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നത് വാര്‍ഡുതല സമിതി ചർച്ച ചെയ്ത് വിലയിരുത്തണം. സൊസൈറ്റി ആക്ട് പ്രകാരം കോര്‍പറേഷന്‍തല സമിതിയെ രജിസ്റ്റര്‍ ചെയ്യും. ഇതിന് കീഴിൽ വയോജന സേവനകേന്ദ്രവും പ്രവർത്തനം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.