വടകര: കണ്ണൂർ-കോഴിക്കോട് റൂട്ടിൽ തൊഴിലാളി യൂനിയനുകളുടെ പിന്തുണയില്ലാതെ ആരംഭിച്ച ബസ് പണിമുടക്ക് രണ്ടാം ദിവസവും പൂർണം. ട്രേഡ് യൂനിയനുകളെ നോക്കുകുത്തികളാക്കി സമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച മുതൽ സാധാരണ ഗതിയിൽ സർവിസ് നടത്തുമെന്ന് സംയുക്ത തൊഴിലാളി യൂനിയൻ പ്രഖ്യാപിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. യൂനിയൻ നേതൃത്വങ്ങളെ അംഗീകരിക്കാതെ ആരംഭിച്ച പണിമുടക്ക് അവസാനിപ്പിക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. ബസുടമകളും, തൊഴിലാളി യൂനിയൻ നേതൃത്വങ്ങളും സമരത്തിനെ അംഗീകരിക്കാത്ത നിലപാട് സ്വീകരിക്കുമ്പോൾ ആർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. ബസ് സർവിസ് നടത്താത്തതിൽ ബസുടമകൾക്കും നഷ്ടമുണ്ട്.
രണ്ടാം ദിവസവും കണ്ണൂർ-കോഴിക്കോട്, വടകര-കോഴിക്കോട് റൂട്ടിലേക്കുള്ള സ്വകാര്യ ബസുകളാണ് സർവിസ് നിർത്തിവെച്ചത്. മറ്റു സ്ഥലങ്ങളിലേക്കുള്ള സർവിസുകൾ കൃത്യമായി നടക്കുന്നതിനാലും, കെ.എസ്.ആർ.ടി.സി കൂടുതൽ ഷെഡ്യൂളുകൾ ആരംഭിച്ചതിനാലും യാത്രക്കാർക്ക് പ്രയാസമില്ല. രണ്ടു ദിവസങ്ങളിലായി വിദ്യാലയങ്ങളും, ചൊവ്വാഴ്ച സർക്കാർ അവധിയും ആയതിനാൽ യാത്രാക്ലേശം രൂക്ഷമല്ല. എന്നാൽ, സമരം നീണ്ടാൽ യാത്ര ബുദ്ധിമുട്ടാകും.
ദേശീയ പാതയിലെ യാത്ര ദുരിതമായതിനാൽ കൂടുതൽ പേരും ട്രെയിൻ യാത്രയാണ് ആശ്രയിക്കുന്നത്. പൊലീസ് സംരക്ഷണത്തോടെ സർവിസ് നടത്താൻ ബസുടമകളും, യൂനിയൻ നേതൃത്വവും തയാറാണെന്ന് അറിയിച്ചിരുന്നെങ്കിലും തൊഴിലാളികൾ ഇല്ലാതെ സർവിസ് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാതയിലെ ശോച്യാവസ്ഥ പരിഹരിക്കുക, മടപ്പള്ളിയിൽ വെച്ച് കോളജ് വിദ്യാർഥികളെ ബസിടിച്ച് പരിക്കേൽപിച്ച ബസ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് ആജീവനാന്തം റദ്ദ് ചെയ്ത നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഒരു വിഭാഗം ബസ് ജീവനക്കാർ തൊഴിലാളി യൂനിയൻ ആഹ്വാനമില്ലാതെയാണ് നവ മാധ്യമങ്ങളിലൂടെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. തൊഴിലാളി സമരം ഒത്തു തീർപ്പാക്കാൻ ആരെ ചർച്ചക്ക് വിളിക്കണമെന്നറിയാതെ കുഴങ്ങുകയാണ് പൊലീസും. തൊഴിലാളികൾ തയാറാണെങ്കിൽ പൊലീസ് സംരക്ഷണം നൽകാൻ ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ് വിളിച്ചു ചേർത്ത തൊഴിലാളി യൂനിയൻ പ്രതിനിധികളുടെയും, ബസുടമകളുടെയും യോഗത്തിൽ തീരുമാനിച്ചു. സർവിസ് നടത്തുന്ന ബസുകൾ തടയുന്ന തൊഴിലാളികൾക്കെതിരെ കേസെടുക്കാനും, ഇത്തരം തൊഴിലാളികൾക്ക് പിന്നീട് ബസിൽ ജോലി നൽകാതിരിക്കാനും ഉടമകൾക്ക് പോലീസ് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.