മാഹി: ഷട്ടറുകളും പൂട്ടുകളും തകർക്കാനുള്ള ആയുധങ്ങളും മോഷ്ടിച്ച സ്കൂട്ടറുമായി കളവ് കേസിലെ പ്രതിയെ മാഹി പൊലീസ് പിടികൂടി. കോഴിക്കോട് കുന്ദമംഗലം അരിയാപ്പൊയിൽ മുജീബ് (36) ആണ് കഴിഞ്ഞ ദിവസം മാഹി പൊലീസിന്റെ പിടിയിലായത്. ഒരാഴ്ച മുമ്പാണ് പ്രതി ജയിൽ മോചിതനായത്. പന്തക്കൽ സ്വദേശി പുരുഷോത്തമന്റെ 75,000 രൂപ വിലമതിക്കുന്ന ഹോണ്ടാ ഡിയോ സ്കൂട്ടർ കഴിഞ്ഞ ദിവസം ഉച്ചക്ക് മാഹി മുണ്ടോക്കിൽ വെച്ച് കളവ് പോയിരുന്നു.
പരാതിയിൽ മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദ്ദേശാനുസരണം മാഹി സർക്കിൾ ഇൻസ് പെക്ടർ ബി.എം.മനോജിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘം മണിക്കൂറുകൾക്കുള്ളിൽ സൈബർ സെല്ലിന്റേയും സി.സി കാമറകളുടേയും സഹായത്തോടെ കളവ് പോയ വാഹനത്തോടൊപ്പം പ്രതിയേയും വടകരയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മാഹി എസ്.ഐ പി.പ്രദീപ്, എ.എസ്.ഐ. കിഷോർ കുമാർ . ഹെഡ് കോൺസ്റ്റബിൾമാരായ സുജേഷ്, അശോകൻ, ശ്രീജേഷ് പൊലീസ് കോൺസ്റ്റബിൾമാരായ നിജിൽ കുമാർ, ശ്രീജേഷ്, ഹോംഗാർഡുമാരായ ജിതേഷ്, കൃഷ്ണപ്രസാദ്, അതുൽ രമേശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിൽ ഹാജരാക്കിയ പ്രതിയെ രാണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇയാളുടെ പേരിൽ മുപ്പതോളം കേസുകൾ നിലവിലുണ്ട്. കുന്ദമംഗലത്തെ ബീവറേജ് കടയിൽ മോഷണം നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് രണ്ടര വർഷം ജയിലിൽ കിടന്ന പ്രതി ജൂലായ് 31 നാണ് പുറത്തിറങ്ങിയത്. വൻ കവർച്ച നടത്തുന്നതിനായി ആസൂത്രണം നടത്തിവന്ന പ്രതി ഇതിനായുള്ള ആയുധങ്ങളും ഉപകരണങ്ങളും സംഘടിപ്പിച്ചിരുന്നു. ഷട്ടറും പൂട്ടും തകർക്കാനുള്ള വലിയ ബോൾട്ട് കട്ടർ ഉൾപ്പെടെയുള്ള ആയുധങ്ങളും ഇയാളിൽ നിന്നും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.