കോഴിക്കോട്: രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയിൽ 5,000 അംഗങ്ങളെ ഉൾപ്പെടുത്തി രക്തദാനസേനയും ആറ് മൊബൈൽ ശുചിത്വ യൂനിറ്റുകളും തുടങ്ങും. ഒരു സി.ഡി.എസിൽനിന്ന് രക്തദാനത്തിന് തയാറായ 100 കുടുംബശ്രീ അംഗങ്ങളുടെ വീതം പട്ടിക ശേഖരിച്ചാണ് ജില്ലതലത്തിൽ ഏകോപിപ്പിച്ച് ഡയറക്ടറിയായി ജില്ല മിഷൻ പുറത്തിറക്കുക. ആവശ്യക്കാരുടെ നാട്ടിൽ നിന്നുതന്നെ രക്തം ലഭ്യമാക്കാൻ ബന്ധപ്പെട്ടവരുടെ മൊബൈൽ ഫോൺ നമ്പർ സഹിതമാണ് ലഭ്യമാക്കുക. മേയ് മാസത്തോടെ രക്തദാനസേന സജ്ജമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് കുടുംബശ്രീ ജില്ല കോഓഡിനേറ്റർ പി.എം. ഗിരീശൻ പറഞ്ഞു.
ജില്ല പഞ്ചായത്തുമായി സഹകരിച്ചാണ് മൊബൈൽ ശുചിത്വ സേന യൂനിറ്റുകൾ ആരംഭിക്കുന്നത്. വീടുകൾ, ഫ്ലാറ്റുകൾ, സ്കൂൾ, സ്വകാര്യ സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയടക്കം ശുചീകരിക്കാനാണ് ഈ സേന രംഗത്തുണ്ടാവുക. ഇവർക്കനുവദിക്കുന്ന വാഹനത്തിൽ ശുചീകരണത്തിനാവശ്യമായ വെള്ളം, യന്ത്രങ്ങളടക്കം മറ്റു സാമഗ്രികൾ എന്നിവയുണ്ടാവും. കുറഞ്ഞ ചെലവിലായിരിക്കും ഇവരുടെ സേവനം. മൊബൈൽ നമ്പറിൽ ബന്ധപ്പെട്ട് സ്ഥലം അറിയിച്ചാൽ യൂനിറ്റെത്തി ശുചീകരണം നടത്തി മടങ്ങും.
ഇക്കാലയളവിനിടയിൽ ജില്ലയിൽ 13 സ്നേഹവീടുകൾ നിർമിച്ചുനൽകിയ കുടുംബശ്രീ രജത ജൂബിലി വർഷത്തിൽ പത്തുവീടുകൾ കൂടി നിർധനർക്ക് നിർമിച്ചുനൽകും.
സി.ഡി.എസുകൾ മുഖേന കുടുംബശ്രീ അംഗങ്ങളിൽനിന്നാണ് ഇതിനുള്ള ധനം സമാഹരിക്കുക. 1000 കുടുംബങ്ങൾക്ക് മാസം 500 രൂപയോളം വിലവരുന്ന ഭക്ഷ്യക്കിറ്റും എല്ലാ പഞ്ചായത്തുകളിലും ജെൻഡർ റിസോഴ്സ് സെന്ററുകളും ആരംഭിക്കും. ജില്ലയിൽ 27,990 കുടുംബശ്രീ യൂനിറ്റുകളിലായി നാലര ലക്ഷത്തോളം അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.