കോഴിക്കോട്: ജില്ലയെ പച്ചപുതപ്പിക്കാൻ കുടുബശ്രീകളൊരുങ്ങി. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഹരിത അയൽക്കൂട്ടങ്ങളൊരുക്കി കുടുംബശ്രീ മാതൃകയാകുന്നത്. ജില്ലയിലെ 11,956 കുടുംബശ്രീകളെയാണ് ഹരിത അയൽക്കൂട്ടങ്ങളായി ഗ്രേഡ് ചെയ്തത്. ജില്ലയിലാകെ 27,699 കുടുംബശ്രീകളാണ് നിലവിൽ ഉള്ളത്.
ജില്ലയിലെ 79 ശതമാനം അയൽക്കൂട്ടങ്ങളിൽ നടത്തിയ ഗ്രേഡിങ്ങിലാണ് 11956 കുടംബശ്രീകളെ തെരഞ്ഞെടുത്തത്. സംസ്ഥാന കുടുംബശ്രീ മിഷൻ തയാറാക്കുന്ന ഏകീകൃത രീതിയിലുള്ള ഫോമുകളിലാണ് കുടുംബശ്രീകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. ഒമ്പത് മാനദണ്ഡങ്ങൾ പ്രകാരമാണ് ഹരിത അയൽക്കൂട്ടങ്ങളെ തെരഞ്ഞെടുക്കുന്നത്. 100ൽ 60 മാർക്കിൽ കൂടുതൽ നേടുന്നവരെയാണ് ഹരിത അയൽക്കൂട്ടങ്ങളായി പ്രഖ്യാപിക്കുന്നത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സാക്ഷ്യപത്രം നൽകും.
അംഗങ്ങളുടെ വീടുകളിലെ മാലിന്യസംസ്കരണ രീതി, അയൽക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ, പ്രദേശത്തെ വീടുകളിൽ മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാൻ നടത്തിയ ഇടപെടൽ, പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളുന്നത് തടയാൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗം തടയാനുള്ള പ്രവർത്തനങ്ങൾ, വൃത്തിയുള്ള പാതയോരങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ, പരിസരശുചീകരണ പ്രവർത്തനങ്ങൾ എന്നിവയെല്ലാം വിലയിരുത്തയതിന് ശേഷമായിരിക്കും ഹരിത അയൽക്കൂട്ടങ്ങളെ കണ്ടെത്തുന്നത്. ജില്ലയിലെ മുഴുവൻ കുടുംബശ്രീകളേയും ഹരിത കുടുംബശ്രീയാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും എല്ലാ ആഴ്ചയിലും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ പി.സി. കവിത അറിയിച്ചു.
ആദ്യഘട്ട സർവേയിൽ 60ൽ താഴെ മാർക്ക് നേടുന്നവരെ പ്രത്യേകമായി പരിഗണിച്ച് ഇവരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനാവശ്യമായ നിർദേശങ്ങളും നൽകും. അതിനുശേഷം വീണ്ടും സർവേയും ഗ്രേഡിങും നടത്തും. ഡിസംബർ 30ന് മുമ്പ് മുഴുവൻ അയൽക്കൂട്ടങ്ങളുടെയും സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യം. കുടുംബശ്രീ ജില്ല മിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച കോർ കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.