കുന്ദമംഗലം: വിൽപനക്ക് കൊണ്ടുവന്ന കഞ്ചാവും എം.ഡി.എം.എയുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. വെസ്റ്റ് മുംബൈ സ്വദേശി ആബിദ് അലി മുഹമ്മദാണ് (34) കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. കാരന്തൂർ കാമ്പുറത്ത് മണ്ണിൽ ഭാഗത്ത് രാത്രി പട്രോളിങ്ങിനിടെ സംശയം തോന്നിയ പൊലീസ് സംഘം ഇയാളെ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ശരീരത്തിൽനിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടിയത്.
ഇയാളുടെ കൈയിൽനിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എയും 800 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. തുടർന്ന് ഇദ്ദേഹവും കുടുംബവും താമസിക്കുന്ന കാരന്തൂരിലെ കാമ്പറത്ത് വീട് പൊലീസ് പരിശോധിച്ചു. ഇവിടെനിന്ന് ലഹരിവസ്തുക്കൾ തൂക്കുന്നതിനുള്ള ത്രാസും ഉപയോഗിക്കുന്നതിനുള്ള മറ്റ് വസ്തുക്കളും പിടിച്ചെടുത്തു.
നാട്ടുകാർക്കിടയിൽ ഇയാൾ ലോട്ടറി വിൽപനക്കാരനായാണ് അറിയപ്പെട്ടിരുന്നത്. മുംബൈയിൽ ഇയാൾക്കെതിരെ സമാനമായ കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ എ. അഷ്റഫ്, അഭിലാഷ്, അബ്ദുറഹിമാൻ, സി.പി.ഒ നിധീഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.