കുന്ദമംഗലം: ചെത്തുകടവിലെ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ സംരക്ഷണ വേലി തകർന്നിട്ട് കാലങ്ങളായി. കുന്ദമംഗലത്തുകാരുടെ ആകെയുള്ള മിനി സ്റ്റേഡിയമാണ് ചെത്തുകടവ് പുഴയോരത്തുള്ളത്. ചെറുപുഴയുടെ തീരത്തുള്ള തകർന്ന സംരക്ഷണ വേലി പുനഃസ്ഥാപിക്കാത്തതിനാൽ പന്ത് പുഴയിലേക്ക് പോയാൽ അപകട ഭീഷണിയാണ്. ഇവിടെയുള്ള കളിക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നേരത്തെ സംരക്ഷണ വേലി സ്ഥാപിച്ചിരുന്നത്. വലിയവരും കുട്ടികളും അടക്കം ദിവസവും നിരവധി പേരാണ് ഇവിടെ കളിക്കാൻ വരുന്നത്.
കൂടാതെ ചെറിയ കുട്ടികൾക്ക് മൈതാനത്ത് വെച്ച് കോച്ചിങ് നൽകാറുമുണ്ട്. പന്ത് പുഴയിലേക്ക് പോയാൽ കുട്ടികൾ എടുക്കാൻ ശ്രമിച്ചാൽ വലിയ അപകട സാധ്യതയുണ്ട് എന്ന് ഇവിടെ കളിക്കാൻ വരുന്നവർ പറയുന്നു. നീന്തൽ അറിയുന്ന ആളുകൾ ഉണ്ടെങ്കിലേ ഫുട്ബാൾ കളിക്കാൻ കഴിയൂ എന്ന സ്ഥിതിയാണെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ പ്രളയത്തിലാണ് നിലവിലുണ്ടായിരുന്ന സംരക്ഷണ വേലി തകർന്നത്.
നിരവധി ജില്ല, സംസ്ഥാന താരങ്ങളും രാജ്യത്തെ മുൻനിര ക്ലബുകൾക്ക് വേണ്ടി കളിച്ച താരങ്ങളും കളിച്ചു വളർന്ന മൈതാനമാണ് വികസനത്തിനായി കേഴുന്നത്. സ്റ്റേഡിയത്തിന്റെ പുഴയോരത്തുള്ള ഭാഗം നവീകരിക്കാനും ആവശ്യമുള്ള സ്ഥലം ഏറ്റെടുക്കാനും വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ചെത്തുകടവ് ഫുട്ബാൾ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ 25 വർഷമായി മൈതാനം സംരക്ഷിക്കുന്നത്. സംരക്ഷണ വേലി നിർമിക്കാൻ കളിക്കൂട്ടായ്മയുടെ നേതൃത്വത്തിൽ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഒരു പഞ്ചായത്തിൽ ഒരു സ്റ്റേഡിയം എന്നതാണ് സർക്കാർ മുന്നോട്ടു വെച്ച ആശയം. സർക്കാറിന് കായിക മേഖലയിൽ മികച്ച ആശയങ്ങൾ ഉണ്ടെങ്കിലും കുന്ദമംഗലം പോലെ പ്രാദേശിക ഫുട്ബാളിനെ ആസ്വദിക്കുന്നവർക്ക് ഇന്നും അസൗകര്യങ്ങളാണ്. കുന്ദമംഗലത്തെ കായിക പ്രേമികൾ അധികൃതരുടെ ഇടപെടലിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ചെത്തുകടവ് മിനി സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി 25 ലക്ഷം രൂപ എം.എൽ.എ ഫണ്ട് വകയിരുത്തിയിരുന്നു എന്നും എന്നാൽ, പുഴയരികിലെ പ്രവൃത്തിയായതിനാൽ കലക്ടറുടെ അനുമതി ലഭിച്ചില്ലെന്നും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വീണ്ടും ശ്രമം തുടർന്നെങ്കിലും ഫലമുണ്ടായില്ല. വരുന്ന ഡിസംബറിൽ ഗ്രാമപഞ്ചായത്ത് തന്നെ മിനി സ്റ്റേഡിയം നവീകരിക്കുന്നതിന് ഫണ്ട് വകയിരുത്തുമെന്നും അതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുമെന്നും അനിൽ കുമാർ പറഞ്ഞു.
നേരത്തേ ഗ്രൗണ്ടിന്റെ വികസനത്തിന് വേണ്ടി വകയിരുത്തിയ 25 ലക്ഷം ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന നിർമാണം പാടില്ല എന്ന് പറഞ്ഞു അനുമതി നിഷേധിക്കുകയായിരുന്നു എന്ന് അഡ്വ. പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു. കളിക്കൂട്ടായ്മയുടെ നിവേദനം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ വേലി കെട്ടുന്നതിനുള്ള ഫണ്ട് പാസാക്കുമെന്നും അതിനുള്ള എസ്റ്റിമേറ്റ് തയാറാക്കുമെന്നും എം.എൽ.എ പറഞ്ഞു. ഏതാണ്ട് അഞ്ച് ലക്ഷത്തിൽ കൂടുതൽ തുക ഉണ്ടാകുമെന്നും പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.