കുന്ദമംഗലം: ദേശീയപാത 766ൽ മലാപറമ്പ് മുതൽ പുതുപ്പാടി വരെയുള്ള വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികൾ ആശങ്കയിൽ. കോഴിക്കോട് -കൊല്ലഗല്‍ ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ കേന്ദ്ര ഹൈവേ വിഭാഗവും ട്രാന്‍സ്പോര്‍ട്ട് വകുപ്പ് കാര്യാലയവും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
എന്‍.എച്ച് 766ല്‍ അഞ്ച് കി.മീ (മലാപറമ്പ്) മുതല്‍ 40 കി.മീ (പുതുപ്പാടി) വരെയുള്ള ഭാഗം വികസിപ്പിക്കുന്നതിനാണ് ഇപ്പോള്‍ സ്ഥലം ഏറ്റെടുക്കുന്നത്. കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളില്‍ ബൈപാസിനും റോഡിലെ വളവുകള്‍ നിവര്ത്തുന്നതിനുമാണ് ഭൂമി ഏറ്റെടുക്കല്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിട്ടുള്ളത്.
കോഴിക്കോട്, താമരശ്ശേരി താലൂക്കുകളില്‍ ഉള്‍പ്പെട്ട ചെലവൂര്‍, ചേവായൂര്‍, കാരന്തൂര്‍, കുന്ദമംഗലം, മടവൂര്‍, ആരാമ്പ്രം, വേങ്ങേരി, ഈങ്ങാപ്പുഴ, മലപുറം, പാടൂര്‍, കെടവൂര്‍, കിഴക്കോത്ത്, കൊടുവള്ളി, പുതുപ്പാടി, രാരോത്ത്, ചെമ്പ്ര, വാവാട് എന്നീ ദേശങ്ങളില്‍ ഉള്‍പ്പെട്ട 69.3184 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുമെന്നാണ് 2022 നവംബര്‍ 30ന് 5314 നമ്പറായി കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലുള്ളത്.
എന്നാൽ, വ്യാപാരികൾക്ക് റോഡ് വികസനം വരുമ്പോൾ കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. സ്ഥലത്തിനും വീടുകൾക്കും കെട്ടിട ഉടമക്കും മതിയായ നഷ്ടപരിഹാരം നൽകുമ്പോൾ കച്ചവടക്കാരന് തുച്ഛമായ തുകയേ ലഭിക്കുന്നുള്ളൂവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി എം. ബാബുമോൻ പറഞ്ഞു.
വർഷങ്ങളുടെ അധ്വാനവും ചെലവും കൊണ്ട് ഉണ്ടാക്കിയെടുത്ത വ്യാപാരികളുടെ വികസന സ്വപ്നങ്ങളെ ഹൈവേയുടെ പേരിൽ അധികൃതർ തകർക്കാൻ ശ്രമിക്കരുത്. പകരം നാടിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനോടൊപ്പം വ്യാപാരികളെക്കൂടി പരിഗണിക്കണമെന്നും ഇവർ പറയുന്നു.
കെട്ടിടങ്ങൾക്ക് മൂന്നിരട്ടി വില നൽകി ഭൂവുടമകളെ സർക്കാർ പരിഗണിക്കുമ്പോൾ സമൂഹത്തിന് സേവനമനുഷ്ഠിച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളെയും തൊഴിലാളികളെയും അവരെ ആശ്രയിച്ചുകഴിയുന്ന കുടുംബത്തെയും പരിഗണിക്കണം. വ്യാപാരികളുടെ പുനരധിവാസത്തിന് നിലവിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള, വ്യാപാര സ്ഥാപനത്തിന്റെ കാലപ്പഴക്കമോ സ്ഥാപനത്തിന്റെ വലുപ്പമോ ചെലവോ പരിഗണിക്കാതെ എല്ലാ കച്ചവടക്കാർക്കും 75,000 രൂപയെന്നത് അശാസ്ത്രീയവും അപര്യാപ്തവുമാണ്.
റോഡ് വികസനമുള്ളതുകൊണ്ട് പുതിയ കച്ചവടം തുടങ്ങാനോ പഴയ കടകൾ പുതുക്കിപ്പണിയാനോ കച്ചവടക്കാർക്ക് പേടിയാണ്. അധികൃതരോട് ആശങ്കകൾ പറയുമ്പോൾ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു.
ദേശീയപാത 766 വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുള്ള സംശയങ്ങളും ആശങ്കകളും ചർച്ച ചെയ്യുന്നതിനും തുടർന്നുള്ള പ്രവർത്തങ്ങൾ ഏകോപിപ്പിക്കുന്നതിനു പടനിലം, പന്തീർപാടം, കുന്ദമംഗലം, കാരന്തൂർ മേഖലകളിലെ വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ പ്രധാന സംയുക്ത യോഗം ചൊവ്വാഴ്ച രാവിലെ 10.30ന് കുന്ദമംഗലം വ്യാപാര ഭവനിൽ നടക്കുമെന്ന് എം. ബാബുമോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.