കുന്ദമംഗലം: തെരഞ്ഞെടുപ്പ് ഏതായാലും അവസാന വോട്ടറാകണം പന്തീർപ്പാടം സ്വദേശി ഖാദറിന്. ബൂത്തിലെ ആദ്യ വോട്ടറാകൻ ശ്രമിച്ച് പരാജയപ്പെട്ട ഖാദർ പിന്നീട് അവസാന വോട്ടറാകാൻ ശ്രമിച്ചു. ഇതുവരെ വിജയിച്ചുനിൽക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽ നടന്ന ഗ്രാമപഞ്ചായത്ത്, നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഖാദർ തന്റെ ബൂത്തിൽ ഏറ്റവും അവസാനം വോട്ടുചെയ്യുന്ന ആളായിരുന്നു.
വോട്ടുചെയ്യാൻ അവസാനം വരിയിൽ നിൽക്കുന്ന ഖാദർ പിന്നീട് ആരെങ്കിലും വോട്ടുചെയ്യാൻ വന്നാൽ അവരെ മുന്നിലേക്ക് മാറ്റി ഏറ്റവും പിറകിലേക്ക് മാറും. ഖാദറിന്റെ ഓർമയിൽ ആദ്യത്തെ ഒന്നോ രണ്ടോ തെരഞ്ഞെടുപ്പുകൾക്കുശേഷം പിന്നെയെല്ലാം അവസാനമായിട്ടാണ് ചെയ്തത്.
തന്റെ ബൂത്തിലെ ആദ്യ വോട്ടറാകാൻ ഒന്നു രണ്ട് തവണ ശ്രമിച്ചെങ്കിലും എല്ലാവരും നാട്ടിലെ കാരണവന്മാരെയും മറ്റും ആദ്യ വോട്ടറാക്കും. ആ ശ്രമം പാഴായപ്പോഴാണ് അവസാന വോട്ടറാകുക എന്ന ചിന്ത മനസ്സിലുദിച്ചത്. നാട്ടിലെ എല്ലാ ബൂത്ത് ഏജന്റുമാർക്കും അറിയാം അവസാന വോട്ടറായി ഒരാൾ വരാനുണ്ടെന്ന്.
അതുകൊണ്ടുതന്നെ വോട്ടിങ് ലിസ്റ്റ് നോക്കി വോട്ടു ചെയ്യാത്തവരെ വിളിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഖാദറിനെ വിളിക്കില്ല. ആളുകൾ വോട്ടുചെയ്തുകഴിഞ്ഞാലും ഇലക്ഷൻ ഉദ്യോഗസ്ഥർ എല്ലാ തെരഞ്ഞെടുപ്പിലും അവസാന വോട്ടറായ ഖാദറിനെ കാത്തിരിക്കും. നാട്ടിലെ സാമൂഹിക പ്രവർത്തകനായ ഖാദർ ആംബുലൻസിന്റെ റോഡ് സേഫ്റ്റി വിങ് അംഗമാണ്. ടൈൽ, വയറിങ് ജോലി ചെയ്താണ് ഉപജീവനം നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.