കുന്നംകുളം: തൃശൂർ ജില്ലയിലെ ആദ്യ സിന്തറ്റിക്ക് ട്രാക്ക് കുന്നംകുളം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ ഒരുക്കും. ഖേലോ ഇന്ത്യ പദ്ധതി പ്രകാരമാണ് സ്‌കൂളില്‍ സിന്തറ്റിക്ക് ട്രാക്ക് നിർമാണത്തിന് അംഗീകാരം ലഭിച്ചത്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെ ഏഴ് കോടി രൂപയുടേതാണ് പദ്ധതി. ഇതോടെ ജില്ലയിലെ കായികക്കുതിപ്പിന് വേഗമേറും.
കായികവകുപ്പ് കുന്നംകുളം ജി.എച്ച്.എസില്‍ തന്നെ ഒരുക്കിയ സ്റ്റേഡിയവും കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയവും സെപ്തംബർ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കുന്നംകുളത്തിനായി കായിക വകുപ്പിന്‍റെ മറ്റൊരു പ്രഖ്യാപനം. സംസ്ഥാനത്തു നിന്ന് രണ്ട് പദ്ധതികള്‍ക്കാണ് ഖേലോ ഇന്ത്യ അംഗീകാരം ലഭിച്ചത്. പരിയാരം മെഡിക്കല്‍ കോളജിനാണ് മറ്റൊന്ന് അനുവദിച്ചിട്ടുള്ളത്. കുന്നംകുളം എം.എല്‍.എ കൂടിയായ മന്ത്രി എ.സി മൊയ്തീന്‍റെ സജീവമായ ഇടപെടലാണ് കുന്നംകുളത്തെ സിന്തറ്റിക് ട്രാക്കിന് വഴിയൊരുക്കിയത്. സംസ്ഥാന കായിക വകുപ്പിനാകും പദ്ധതിയുടെ നിര്‍മ്മാണ ചുമതല.
സീനിയർ ഗ്രൗണ്ടിൽ നിർമാണം പൂർത്തിയാകുന്ന ഫുട്ബാൾ മൈതാനത്തിന് ചുറ്റുമാണ് സിന്തറ്റിക് ട്രാക്ക് തയ്യാറാക്കുക. 8 ലൈന്‍ ട്രാക്കിനൊപ്പം, ജംപിങ് പിറ്റ്, ട്രാക്കിന് ചുറ്റും സുരക്ഷാ വേലി, പവലിയിന്‍, ഡ്രസ്സിങ് റൂമുകള്‍, ബാത്ത്റൂം, ടൊയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും. നിലവില്‍ സ്‌കൂളില്‍ ഒരുക്കിയ ഫുട്‌ബാള്‍ കളിസ്ഥലത്തിനും ഗാലറിക്കും മറ്റു അനുബന്ധ സൗകര്യങ്ങള്‍ക്കും പുറമെയാണിത്.
സംസ്ഥാന കായിക വകുപ്പിന്‍റെ ഇടപെടലാണ് അംഗീകാരത്തിന് ഏറെ ഗുണകരമായത്. കായിക വകുപ്പ് നിര്‍മ്മിക്കുന്ന വേലൂര്‍ ആര്‍.എസ്.ആര്‍.വി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണവും അവസാനഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.