കുന്ദമംഗലം: കുന്ദമംഗലത്തെയും അഗസ്ത്യമുഴിയേയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയായ എസ്.എച്ച് 83 സ്വന്തമാണെന്ന് ബോർഡ് വെച്ച എൻ.ഐടി അധികൃതർക്കെതിരെ വ്യാപക പ്രതിഷേധം. കട്ടാങ്ങലിൽനിന്ന് പന്ത്രണ്ടാം മൈൽ വരെയുള്ള റോഡ് എൻ.ഐ.ടിയുടെ വസ്തുവാണെന്ന് അറിയിച്ചാണ് രണ്ടു സ്ഥലത്ത് ബോർഡ് സ്ഥാപിച്ചത്.
2002ലാണ് എൻ.ഐ.ടി സ്ഥാപിച്ചതെന്നും 100 വർഷം മുമ്പുതന്നെ റോഡ് ഉണ്ടായിരുന്നുവെന്നും പൊതുജനം ഉപയോഗിക്കുന്ന റോഡാണിതെന്നും നാട്ടുകാർ പറയുന്നു. 1962ൽ ആർ.ഇ.സി തുടങ്ങിയത് റോഡിന്റെ ഒരു വശത്താണ്. പിന്നീടാണ് കാമ്പസ് റോഡിന് ഇരുവശവുമുള്ള സ്ഥലങ്ങളിലേക്ക് വികസിപ്പിച്ചത്. കോഴിക്കോടിനെ മുക്കം ഉൾപ്പെടെയുള്ള മലയോര മേഖലയെ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡാണിത്. ജില്ലയിലെ ഏറ്റവും കൂടുതൽ ബസ് സർവിസ് നടത്തുന്ന റോഡുകളിൽ ഒന്നാണിത്. റോഡിനിരുവശത്തുമുള്ള എൻ.ഐ.ടി കാമ്പസുകളെ ബന്ധിപ്പിക്കാൻ നിലവിൽ അണ്ടർ പാസിന്റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് രണ്ടുദിവസം മുമ്പ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. പ്രദേശത്തെ യുവജന സംഘടനകളും മറ്റും പ്രതിഷേധത്തിനൊരുങ്ങുകയാണ്.
കുന്ദമംഗലം: അഗസ്ത്യമുഴി-കുന്ദമംഗലം റോഡിൽ എൻ.ഐ.ടി കാമ്പസിന് ഇരുവശവും റോഡ് എൻ.ഐ.ടിയുടെ സ്വത്താണെന്ന് അവകാശപ്പെട്ട് ബോർഡ് വെച്ച എൻ.ഐ.ടി അധികൃതർക്കെതിരെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പൊതുപ്രവർത്തകൻ ഷരീഫ് മലയമ്മ പരാതി നൽകി. ഇതിന് കൂട്ടുനിന്ന പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.
കുന്ദമംഗലം: എൻ.ഐ.ടി വഴികടന്നുപോകുന്ന റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും സംസ്ഥാന പാതയായി നോട്ടിഫൈ ചെയ്തിട്ടുള്ളതുമാണെന്ന് അഡ്വ. പി.ടി.എ. റഹീം എം.എൽ.എ പറഞ്ഞു. കാമ്പസുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഈ റോഡിനു കീഴെ സ്വന്തം നിലയിൽ ഒരു അണ്ടർ പാസ് നിർമിക്കുന്നതിനുള്ള എൻ.ഐ.ടിയുടെ നിർദേശത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നില്ല. തുടർന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗമാണ് ഡെപ്പോസിറ്റ് വർക്കായി ഇത് നടത്തിവരുന്നത്.
ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ കാമ്പസുകൾ റോഡിന്റെ ഇരുഭാഗങ്ങളിലായത് മൂലമുള്ള പ്രശ്നത്തിന് പരിഹാരമാകുമെന്നിരിക്കെ പൊതു റോഡിന്റെ ദിശ മാറ്റണമെന്ന എൻ.ഐ.ടിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുന്ദമംഗലം: കുന്ദമംഗലം-അഗസ്ത്യൻമൂഴി റോഡ് കൊട്ടിയടക്കാനുള്ള എൻ.ഐ.ടിയുടെ നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് യൂത്ത് കോൺഗ്രസ്. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ഇത്തരം പ്രവൃത്തി ജനാധിപത്യ വിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
നീക്കത്തിൽ നിന്ന് എൻ.ഐ.ടി പിന്മാറിയില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് ചാത്തമംഗലം മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹമീദ് അറിയിച്ചു.
കുന്ദമംഗലം: കുന്ദമംഗലം-അഗസ്ത്യമുഴി സംസ്ഥാന പാതയിൽ (എസ്.എച്ച് 83) എൻ.ഐ.ടി കാമ്പസിന് ഇരുവശവും പി.ഡബ്ല്യു.ഡി റോഡ് എൻ.ഐ.ടിയുടെ സ്വത്താണെന്ന് അവകാശപ്പെട്ടു ബോർഡ് വെച്ച എൻ.ഐ.ടി ഉദ്യോഗസ്ഥർക്കെതിരെയും ഇതിന് കൂട്ടുനിന്ന പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ചാത്തമംഗലം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇനി മുതൽ ആളുകൾ കമ്പനിമുക്ക് വഴി പോകണമെന്നാണ് ബോർഡ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ എൻ.ഐ.ടി വരുന്നതിനു വർഷങ്ങൾക്കു മുമ്പേ ജനങ്ങൾ ഉപയോഗിക്കുന്ന റോഡ് അടക്കാൻ ശ്രമിച്ചാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് കമ്മിറ്റി പറഞ്ഞു. പ്രസിഡന്റ് റസാഖ് പുള്ളന്നൂർ അധ്യക്ഷതവഹിച്ചു. ഹകീം, കുഞ്ഞിമരക്കാർ, സിറാജ്, സജീർ, ഫാസിൽ മുടപ്പനക്കൽ, റഊഫ് മലയമ്മ, സഫറുള്ള കൂളിമാട്, അക്ബർ പുള്ളാവൂർ, ഹനീഫ ചാത്തമംഗലം, ശിഹാബുദ്ദീൻ വെള്ളലശ്ശേരി, സിദ്ദീഖ് ഈസ്റ്റ് മലയമ്മ, അലി മുണ്ടോട്ട് തുടങ്ങിയവർ പങ്കെടുത്തു.
കുന്ദമംഗലം: കുന്ദമംഗലത്തെ അഗസ്ത്യൻമൂഴിയുമായി ബന്ധിപ്പിക്കുന്ന 60 വർഷത്തോളം പഴക്കമുള്ള സംസ്ഥാന പാതയിൽ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി എൻ.ഐ.ടി അധികൃതർ സ്ഥാപിച്ച ബോർഡ് അടിയന്തരമായി എടുത്തു മാറ്റാൻ തയാറാവണമെന്ന് ഡി.വൈ.എഫ്.ഐ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഡയറക്ടർക്ക് ഉൾപ്പെടെ എന്.ഐ.ടിയിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത രൂപത്തിലുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
കുന്ദമംഗലം: അഗസ്ത്യൻമൂഴി-കുന്ദമംഗലം സംസ്ഥാനപാത എൻ.ഐ.ടിയുടേതാണ് എന്ന് ബോർഡ് സ്ഥാപിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താനുള്ള അധികൃതരുടെ നടപടിയിൽ വെൽഫെയർ പാർട്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബോർഡ് മാറ്റിയില്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് ബോർഡ് വെച്ച എൻ.ഐ.ടി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.