കുന്ദമംഗലം: ആതുര സേവന രംഗത്ത് അര നൂറ്റാണ്ടിലേറെയായി കുന്ദമംഗലത്തെ ജനകീയ ഡോക്ടർ എൻ. വിജയൻ. തലമുറകളായി കുന്ദമംഗലത്തുകാരുടെ കുടുംബ ഡോക്ടറാണ് ഇദ്ദേഹം. ഡോക്ടറെ കണ്ടാൽ രോഗം ഭേദമാകുമെന്ന വിശ്വാസമാണ് നാട്ടുകാർക്ക് ഇദ്ദേഹം ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്. 1967ൽ വയനാട് അമ്പലവയൽ സർക്കാർ ഡിസ്പെൻസറിയിൽ അസി. സർജൻ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സ്പെഷലിസ്റ്റ് ഡോക്ടർമാർ കുറവായതിനാൽ അക്കാലത്ത് ഒരേസമയം ഗൈനക്കോളജിസ്റ്റ് ആയും ജനറൽ ഫിസിഷ്യനായും പ്രവർത്തിച്ചിട്ടുണ്ട്. 2016ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോളജ് ഓഫ് ജനറൽ പ്രാക്ടിഷനേഴ്സ് കോഴിക്കോട് ചാപ്റ്ററിന്റെ ഫാമിലി പ്രാക്ടിസ് റീജനൽ അംഗീകാരം ലഭിച്ചു.
ഐ.എം.എയുടെ ആജീവനാന്ത മെംബർ ആണ്. 1970ൽ ആണ് ഇദ്ദേഹം കുന്ദമംഗലം ഡിസ്പെൻസറിയിലേക്ക് വരുന്നത്. മുക്കം പ്രൈമറി ഹെൽത്ത് സെന്റർ, നരിക്കുനി, കോഴിക്കോട് ജനറൽ ആശുപത്രി, കുഷ്ഠരോഗാശുപത്രി, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രം തുടങ്ങിയ ഇടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990ൽ സിവിൽ സർജനായി സർവിസിൽ നിന്നും വിരമിച്ചു. തുടർന്ന് 1991ൽ ഇദ്ദേഹം അമ്പാടി ഹോസ്പിറ്റൽ ആരംഭിച്ചു.
സാധാരണ കർഷക കുടുംബമായ നെടുമങ്ങാട് ഉഴമലക്കൽ ആനന്ദേശ്വരം തറവാട്ടിൽ നാരായണൻ-ഭാനുമതി ദമ്പതികളുടെ മകനാണ്. വർക്കല കാപ്പിൽ സ്വദേശി ബി. സുലോചനയാണ് ഭാര്യ. മക്കൾ ഡോക്ടർ മണിലാൽ, ബിനുലാൽ, ലീന സുലോചന.
ഡോക്ടേഴ്സ് ദിനത്തിൽ പതിറ്റാണ്ടുകളായി കുന്ദമംഗലത്ത് ആതുര സേവന രംഗത്ത് നിറസാന്നിധ്യമായ ഡോ. വിജയൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി പി.കെ. ബാപ്പു ഹാജി ഡോക്ടറെ പൊന്നാട അണിയിച്ചു. യൂനിറ്റ് പ്രസിഡന്റ് എം. ബാബുമോൻ അധ്യക്ഷത വഹിച്ചു. എൻ. വിനോദ് കുമാർ, ടി.വി. ഹാരിസ്, ഒ.പി. അസ്സൻ കോയ, എം.പി. മൂസ, സുനിൽ കണ്ണോറ, സജീവ് കിഴക്കയിൽ, ടി.സി. സുമോദ്, എം.ആർ. നിമ്മി, കമലം, കെ.പി. അബ്ദുൾ നാസർ, എം.കെ. റഫീഖ്, ടി. ശശീന്ദ്രൻ, ഗഫൂർ എന്നിവർ പങ്കെടുത്തു. പി. ജയശങ്കർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.