കോഴിക്കോട്: നവീകരിച്ച് മനോഹരമാക്കിയ നഗര പൈതൃകം കുറ്റിച്ചിറ പഴയപടിയാവുന്നത് തടയാൻ നാട്ടുകാരൊന്നിച്ചു. ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിൽ കോർപറേഷനുമായി സഹകരിച്ച് സംരക്ഷണത്തിനും പരിപാലനത്തിനുമായി കുറ്റിച്ചിറ കുളം പരിപാലന കമ്മിറ്റിയുണ്ടാക്കി. നവീകരണം പൂർത്തിയാക്കി മനോഹരമാക്കിയ കുറ്റിച്ചിറക്ക് ചുറ്റും വീണ്ടും വൃത്തിഹീനമായ അവസ്ഥ വന്നതിനാലാണ് നാട്ടുകാർ ഒന്നിച്ചത്. യോഗത്തിന് ശേഷം കമ്മിറ്റിയംഗങ്ങൾ കുളത്തിന് ചുറ്റുമുള്ള വീടുകളിലും സ്ഥാപനങ്ങളിലും ബോധവത്കരണം നടത്തി. കുളത്തിൽ മാലിന്യം കൊണ്ടിടുന്നത് തടയാനും സോപ്പും എണ്ണയും അമിതമായി കലരുന്നത് വെള്ളത്തിനും മത്സ്യങ്ങൾക്കും ദോഷമാണെന്ന് കണ്ടതിനാൽ അതൊഴിവാക്കാൻ തീരുമാനിച്ചു.
കുളത്തിൽ അലക്കുന്നതു തടഞ്ഞു ബോർഡ് സ്ഥാപിക്കും. ഇതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചു. ജനമൈത്രി പൊലീസിന്റെ ശക്തമായ പിന്തുണ തേടാനും സംരക്ഷണ പ്രവർത്തനങ്ങളിൽ കോർപറേഷനുമായി പൂർണമായി സഹകരിക്കാനും തീരുമാനമായി. പരിസരത്തെ സ്കൂളുകളിലെ എൻ.എസ്.എസ് വളന്റിയർമാരെ ഉപയോഗപ്പെടുത്തി മാസം തോറും കുറ്റിച്ചിറയുടെ പരിസരം വൃത്തിയാക്കും. കുളം സംരക്ഷിക്കാൻ സെക്യൂരിറ്റി സ്റ്റാഫിനെ നിയമിക്കും. ഇതിനായി വ്യപാരികളടക്കമുള്ളവരുടെ സഹായം തേടും.
ഫെബ്രുവരി ഒന്നുമുതൽ യോഗ തീരുമാനം കർശനമായി നടപ്പാക്കും. കൗൺസിലർ എസ്.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. എൻ.പി. നൗഷാദ്, ഇ.വി.ഫിറോസ്, ഇ.എസ്. ശരീഫ്, അനസ് പരപ്പിൽ, കെ.പി. സലീം, കെ.പി. മമ്മദ് കോയ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
കുറ്റിച്ചിറയിൽ മ്യൂസിക്കൽ ഫൗണ്ടൻ പണിയാൻ നടപടിയെടുക്കണമെന്ന് നാട്ടുകാരുടെ യോഗം കോർപറേഷനോട് ആവശ്യപ്പെട്ടു. കുളത്തിൽ സംഗീത ജലധാര സ്ഥാപിക്കാൻ പദ്ധതിയുള്ളതായി കോർപറേഷൻ കൗൺസിലർ കെ. മൊയ്തീൻ കോയ അറിയിച്ചു. ജലധാരക്ക് വിനോദ സഞ്ചാരവകുപ്പിന് പദ്ധതിയുള്ളതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്.
കുറ്റിച്ചിറ മിശ്കാൽ പള്ളിയുണ്ടാക്കാനും മറ്റും കുളം നിർമാണത്തിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ചതായാണ് കരുതുന്നത്. കുറ്റിച്ചിറ കുളം നവീകരണ പൈതൃക പദ്ധതിയുടെയും ഇബ്നു ബത്തൂത്ത നടപ്പാതയുടെയും ഉദ്ഘാടനം മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസാണ് നിര്‍വഹിച്ചത്. രണ്ടു കോടി രൂപ ചെലവഴിച്ച് നാലു ഘട്ടങ്ങളായാണ് പൈതൃകപദ്ധതി പൂര്‍ത്തിയാക്കിയത്.
കുറ്റിച്ചിറ കുളം നവീകരണ പദ്ധതി 98,43,506 രൂപയുടെയും ഇബ്നുബത്തൂത്ത നടപ്പാതക്ക് 25,00,000 രൂപയുടെയും ഭരണാനുമതിയിലാണ് വിനോദസഞ്ചാരവകുപ്പ് പണിതീർത്തത്. എഴുപത്തഞ്ചുലക്ഷം രൂപ എം.കെ. മുനീര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും പദ്ധതിക്കായി വിനിയോഗിച്ചു. ഇബ്നുബത്തൂത്തയുടെ സ്മരണാർഥം നിര്‍മിച്ച ഇബ്നുബത്തൂത്ത നടപ്പാത കോഴിക്കോടിന്റെ സാംസ്കാരിക പൈതൃക ചരിത്രം വിളിച്ചോതുന്നതാണ്. സ്വാതന്ത്ര്യസമരസേനാനി ഹസ്സന്‍കോയ മുല്ലയുടെ പേരിലുള്ള കുട്ടികളുടെ പാര്‍ക്ക്, കുളക്കടവ് നവീകരണം, കുളം ശുചിയാക്കല്‍, നടപ്പാത, ഇരിപ്പിട നവീകരണം, ക്ലാഡിങ് വര്‍ക്ക്, അലങ്കാര വിളക്കുകള്‍, ഇലക്ട്രിക്കല്‍ വര്‍ക്ക് തുടങ്ങിയവയാണ് കുറ്റിച്ചിറയിൽ പൂര്‍ത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.