കുറ്റ്യാടി: മാനം കറുക്കുമ്പോൾ കാവിലുംപാറ കുടുക്കക്കുന്നിൽ ചെല്ലപ്പനും കുടുംബവും ഭീതിയിലാവും. മൂന്നു കിലോമീറ്റർ ചുറ്റളവിൽ മറ്റാരുമില്ലാതെ കഴിയുകയാണ് ഈ മൂന്നംഗ കുടുംബം. കാട്ടുമൃഗശല്യം രൂക്ഷമായ ഇവിടെ വാതിലുകൾപോലും ഇല്ലാത്ത വീട്ടിലാണ് രോഗികളായ ചെല്ലപ്പനും കുടുംബവും കഴിയുന്നത്. ചാത്തൻകോട്ടുനടയിൽനിന്ന് വളയംകോട് വഴി മൂന്നു കിലോമീറ്റർ കുത്തനെ കുന്ന് കയറിയാൽ കുടുക്കക്കുന്നിൽ എകരം പറമ്പത്ത് ചെല്ലപ്പെൻറ ജീർണാവസ്ഥയിലുള്ള അഞ്ചു സെൻറ് പുരയിടത്തിൽ എത്തും.
വാർധക്യസഹജമായ അസുഖങ്ങളാൽ ചെല്ലപ്പന് എഴുേന്നറ്റുനടക്കാൻപോലും കഴിയില്ല. ഭാര്യ ചന്ദ്രിയും മകൾ നിഷയും രോഗികളാണ്. വർഷങ്ങൾക്കുമുമ്പ് ഇവിടെ ധാരാളം താമസക്കാർ ഉണ്ടായിരുന്നു.
വന്യമൃഗശല്യവും കാലാവസ്ഥയിലെ മാറ്റവും കാരണം എല്ലാവരും മലയിറങ്ങി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറി. ഇപ്പോൾ മൂന്നു കിലോമീറ്റർ ചുറ്റളവിൽ ഉച്ചത്തിൽ വിളിച്ചാൽപോലും ആരും കേൾക്കാനില്ലാതെ രോഗികളായ ഇവർ മാത്രം കഴിയുന്നു. 'കാട്ടാന താഴെ പറമ്പുവരെയും കാട്ടുപന്നികൾ മുറ്റത്തും എത്താറുണ്ട്. മലയിലെ നീരുറവയാണ് കുടിക്കാനെടുക്കുന്നത്. ആനയോ മറ്റോ ഓസ് തകർത്താൽ മഴവെള്ളം കുടിക്കേണ്ടിവരും.
വീടിെൻറ പിൻവശത്ത് മണ്ണിടിച്ചിൽ ഭീഷണിയും ഉണ്ട്. ഫോർവീൽ വാഹനങ്ങൾ മാത്രമേ കുടുക്കക്കുന്നിൽ എത്താറുള്ളൂ. ഒരു ട്രിപ്പിന് 750 രൂപ വേണം. എല്ലാംകൊണ്ടും ദുരിതജീവിതമാണ്' -ചെല്ലപ്പനും ഭാര്യയും പറയുന്നു.
മലമുകളിലെ ദുരിതത്തിൽനിന്നു ചെല്ലപ്പനെയും കുടുംബത്തെയും താഴ്വാരത്തെ സുരക്ഷിതമായ ഇടത്തിൽ പുനരധിവസിപ്പിക്കുന്നതിനായി കാവിലുംപാറയിലെ നാട്ടുകാർ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു.
നിലവിൽ മലമുകളിലെ വീട് അഞ്ചു വർഷം മുമ്പ്
ഐ.എ.വൈയിൽ ലഭിച്ചതുകൊണ്ട് പുതിയ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ സ്ഥലമെടുത്ത് വീട് നിർമിക്കുകയാണ് ലക്ഷ്യം.
പഞ്ചായത്ത് അംഗം പരപ്പുമ്മൽ അനിൽകുമാർ ചെയർമാനും മണോളി ബാബു കൺവീനറുമായി രൂപവത്കരിച്ച കമ്മിറ്റി ഉദാരമതികളിൽനിന്നും സഹായം തേടുകയാണ്.
തൊട്ടിൽപാലം ഫെഡറൽ ബാങ്കിൽ സഹായകമ്മിറ്റി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. 11720100255082. IFSC FDRL0001172.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.