കുറ്റ്യാടി: പലഭാഗങ്ങളിൽനിന്ന് പ്രതിഷേധങ്ങളുണ്ടായിട്ടും കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ കക്കൂസ് മലിനജലം തുറന്നുവിടുന്നത് തുറന്ന ഓവിൽതന്നെ. ആശുപത്രിയുടെ നടുമുറ്റത്ത് സ്ഥാപിച്ച സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നത് കഴിഞ്ഞ മഴക്കാലത്താണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കോൺഗ്രസും ബി.ജെ.പിയും ടാങ്ക് മൂടണമെന്നാവശ്യപ്പെട്ട് സമരം നടത്തി. സ്ഥലത്തെ ഉറവ കാരണം വെള്ളം നിറഞ്ഞുകവിഞ്ഞ് പുറത്തേക്ക് ഒഴുകുകയാണെന്നും മഴ ശമിക്കുന്നതോടെ മലിനജലം പമ്പ് ചെയ്ത് മാറ്റി ടാങ്ക് മൂടുമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. എന്നാൽ, മഴമാറിയിട്ടും ടാങ്ക് മൂടാത്തതിനാൽ ആശുപത്രി പരിസരത്ത് കൊതുകു പെരുകുകയാണെന്ന് രോഗികൾ പറയുന്നു. സ്വകാര്യ സ്ഥലങ്ങളിലെ മലിനീകരണത്തിനെതിരെ ശക്തമായ നടപടിയെടുക്കുന്ന ആരോഗ്യവകുപ്പും പഞ്ചായത്തും പൊതുസ്ഥത്തെ മലിനീകരണത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നത്.
തകര ഷീറ്റുകൊണ്ടാണ് ടാങ്കിന്റെ കുറച്ചുഭാഗം മൂടിയിരിക്കുന്നത്. രാത്രി കാലങ്ങളിൽ ആളുകളോ മൃഗങ്ങളോ ടാങ്കിൽ വീഴാൻ സാധ്യതയുണ്ട്. മേഖലയിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുമ്പോഴാണ് കക്കൂസ് മാലിന്യം ഇപ്രകാരം അലക്ഷ്യമായി പുറന്തള്ളുന്നത്. വാർഡുകളിലേക്കാണ് ദുർഗന്ധം പരക്കുന്നത്. ടാങ്ക് മൂടുമെന്ന് നേരത്തേ ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ ഉറപ്പുതന്നതാണെന്നും ഇനിയും നടപ്പാക്കുന്നില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.സുരേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.