കുറ്റ്യാടി: കുറ്റ്യാടി-പക്രന്തളം ചുരം റൂട്ടിൽ വാഹനാപകടങ്ങൾ പതിവായി. നിയന്ത്രണം വിട്ട് മറിയുന്ന സംഭവങ്ങളാണ് ഏറെയും. അതാവട്ടെ രാത്രിയിലും.
ചുരം റോഡിന്റെ അശാസ്ത്രീയതയും ആവശ്യത്തിന് സൂചന ബോർഡുകൾ ഇല്ലാത്തതുമാണ് കാരണമായി പറയുന്നത്. മൂന്നു ദിവസത്തിനുള്ളിൽ മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. പൂതംപാറ പള്ളിക്കവലയിൽ ട്രാവലർ വാൻ മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റതാണ് ആദ്യ സംഭവം. അഴിയൂരിലേക്ക് പോകുന്ന 16 പേരാണ് വാനിലുണ്ടായിരുന്നത്. അന്നു പുലർച്ച കുറ്റ്യാടിക്ക് വരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മുളവട്ടത്ത് മറിഞ്ഞിരുന്നു. രണ്ടു ദിവസം മുമ്പ് മറ്റൊരു കാർ പത്താംവളവിൽ മഖാമിനടുത്ത് മറിയുകയുണ്ടായി. രാത്രിയിലാണ് അപകടങ്ങൾ ഏറെയും. നേരത്തേ വിവിധ അപകടങ്ങളിലായി കുറെ പേർക്ക് ജീവഹാനി സംഭവിച്ചതാണ്. പത്തു കൊല്ലത്തിലേറെയായി റോഡ് റീടാർ ചെയ്തിട്ട്.
അറ്റകുറ്റപ്പണി മാത്രം ചെയ്ത് പൊതുമരാമത്ത് വകുപ്പ് ബാധ്യത തീർക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡ് വീതി കൂട്ടി വികസിപ്പിക്കുമെന്ന് വകുപ്പു മന്ത്രി നേരത്തേ സ്ഥലം സന്ദർശിച്ച് പ്രഖ്യാപിച്ചതാണെന്നും ഇതുവരെ നടപ്പായില്ലെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.