കുറ്റ്യാടി: സി.പി.എം കുറ്റ്യാടി ലോക്കൽ പരിധിയിലെ ഏതാനും പ്രവർത്തകർക്കെതിരെ പാർട്ടി എടുത്ത അച്ചടക്ക നടപടി ലോക്കൽ കമ്മിറ്റി ജനറൽ ബോഡി വിളിച്ച് വിശദീകരിക്കും മുമ്പ് പൊതുസമ്മേളനത്തിൽ പറഞ്ഞതിൽ ചില കേന്ദ്രങ്ങളിൽ അമർഷം പുകയുന്നു. ബ്രാഞ്ച് അംഗങ്ങൾ മുതൽ ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള 42 പേർക്കെതിരെയാണ് പുറത്താക്കൽ മുതൽ ശാസന വരെയുള്ള നടപടികൾ എടുത്തത്. നടപടികളും നടപടിക്കിരയായവരെക്കുറിച്ചും ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ ജില്ല കമ്മിറ്റി അംഗമാണ് വിശദീകരിച്ചത്. നടപടിക്കിരയായ പലരും സമ്മേളന നഗരിക്ക് പുറത്തുനിന്ന് ഇത് കേട്ടത് പ്രയാസത്തോടെയാണെന്ന് പറയുന്നു.
ലോക്കൽ ജനറൽ ബോഡി വിളിക്കുമ്പോൾ ഇത് ചോദ്യം ചെയ്യാൻ കാത്തിരിക്കുകയാണ് അണികളിൽ ചിലർ. കുറ്റ്യാടിയിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിെൻറ മുന്നോടിയായി പാർട്ടിക്കാരനെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിെൻറ പേരിലാണ് അച്ചടക്ക നടപടികളുണ്ടായത്. ഇതിൽ ഏരിയയിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ ഒരു വനിത നേതാവ് ഇക്കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ ബ്രാഞ്ച് പ്രതിനിധിയായി എത്തിയിരുന്നു. സമ്മേളന പ്രസീഡിയത്തിൽ ഇവരെ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചിലർ എതിർത്തതിനാൽ ഒഴിവാക്കുകയാണുണ്ടായതെന്നും പറയുന്നു. അതിനിടെ, പഞ്ചായത്തിനു പുറത്തുള്ള പ്രവർത്തകനെ ലോക്കൽ സെക്രട്ടറിയാക്കിയതിൽ പ്രതിഷേധിച്ച് ഊരത്ത്, വളയന്നൂർ ഭാഗത്തുള്ള ചിലർ സി.പി.ഐയിൽ പോകുമെന്ന് ഭീഷണി മുഴക്കിയതായും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.