കുറ്റ്യാടി: താൽകാലിക ജീവനക്കാരെ ചെലവു കുറക്കലിന്റെ ഭാഗമായി ഒഴിവാക്കിയതും തൊഴിൽദിനം വെട്ടിക്കുറക്കുന്നതും അടക്കമുള്ള പരിഷ്കരണ നടപടി ഗവ. താലൂക്ക് ആശുപത്രി പ്രവർത്തനങ്ങൾ താളം തെറ്റിക്കുന്നതായി പരാതി. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി നിയമിച്ച 72ൽ 10 പേരെ ജോലിയിൽനിന്ന് ഒഴിവാക്കി. പലരോടും നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. ജീവനക്കാർ കുറഞ്ഞതോടെ ലബോറട്ടറി, ഫാർമസി, ഒ.പി ടിക്കറ്റ് കൗണ്ടർ എന്നിവിടങ്ങളിൽ തിരക്ക് വർധിച്ചു.
മണിക്കൂറുകൾ കാത്തുനിന്നാൽ മാത്രമാണ് ലാബ് റിപ്പോർട്ട്, മരുന്ന് എന്നിവ ലഭിക്കുന്നതെന്നാണ് രോഗികളുടെ പരാതി. ഉച്ചവരെ പ്രവർത്തിച്ചിരുന്ന വയോജന സൗഹൃദ ലാബ് കൗണ്ടറും നിർത്തലാക്കി. ഇനി രണ്ടാം നിലയിലെ ലാബിൽ പോയി മുതിർന്ന പൗരന്മാരും സാമ്പ്ൾ കൊടുക്കണം. ഇ.സി.ജി ടെക്നീഷ്യന്മാർ അവധിയിൽ പോകുമ്പോൾ വിദഗ്ധരല്ലാത്തവരും ഇ.സി.ജി എടുക്കുന്നതായി പറയുന്നു.
ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ നിർദേശങ്ങളിൽ ചിലത് നടപ്പാവുന്നില്ലെന്നും ആക്ഷേപമുണ്ട്. പേരാമ്പ്ര ഗവ. ആശുപത്രിയിൽ ചെയ്യാത്ത വലിയരീതിയിലുള്ള ശസ്ത്രക്രിയകൾ ഇവിടെ നടത്തുന്നുണ്ട്. ഇത് സാധാരണക്കാരായ രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു. റിസ്കെടുത്ത് അത്തരം ശസ്ത്രക്രിയകൾ ചെയ്യേണ്ടെന്ന് ഡോക്ടർമാർക്ക് വാക്കാൽ നിർദേശവും നൽകിയിട്ടുണ്ടത്രെ. അഞ്ചു സുരക്ഷ ജീവനക്കാരുള്ളതിൽ രണ്ടു പേരുടെ കാലാവധി തീർന്നു. അവർക്ക് ജോലി പുതുക്കിക്കൊടുത്തിട്ടില്ല.c
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.