കുറ്റ്യാടി: നിയമസഭ തെരഞ്ഞെടുപ്പുവേളയിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതായി ആരോപിച്ച് ലോക്കൽ കമ്മിറ്റി പിരിച്ചുവിടുകയും 42 പേർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്ത കുറ്റ്യാടിയിൽ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സമീപ പഞ്ചായത്തുകാരനും അഡ്ഹോക്ക് കമ്മിറ്റി കൺവീനറുമായ എ.എം. റഷീദിനെ തന്നെ തെരഞ്ഞെടുത്തു. ലോക്കൽ കമ്മിറ്റി അംഗങ്ങളിലും സമീപ പഞ്ചായത്തുകാരുണ്ട്. അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ട് തിരഞ്ഞെടുത്ത ലോക്കൽ കമ്മിറ്റിയിലാകട്ടെ ഭൂരിപക്ഷവും പഴയ അഡ്ഹോക്ക് കമ്മിറ്റിക്കാരാണ്. 13 അംഗ കമ്മിറ്റിയിൽ ഏഴു പേരും അഡ്ഹോക്ക് കമ്മിറ്റിയിലുള്ളവരാണ്.
അഞ്ചുപേരെ മാത്രമാണ് പുതുതായി തിരഞ്ഞെടുത്തത്. പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എ.എം. റഷീദ് (കാവിലുമ്പാറ പഞ്ചായത്ത്), പി.സി. ഷൈജു (വേളം പഞ്ചായത്ത്), പി.സി. രവീന്ദ്രൻ (പിരിച്ചുവിട്ട കമ്മിറ്റിയുടെ സെക്രട്ടറി), സി.എൻ. ബാലകൃഷ്ണൻ (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്), സബിത മോഹൻ (ഗ്രാമപഞ്ചായത്തംഗം), കെ. രജിൽ, പി. നാണു എന്നിവരാണ് അഡ്ഹോക്ക് കമ്മിറ്റിയിലുണ്ടായിരുന്നവർ.
എം.സി. ചന്ദ്രൻ, സി.കെ. സുമിത്ര (ഗ്രാമപഞ്ചായത്തംഗം), ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി കൂടിയായ സിയാദ് ഊരത്ത്, ബാപ്പറ്റ ചന്ദ്രൻ, പി.പി. ദിനേശൻ, കെ.പി. സജീവൻ എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റുള്ളവർ.
എന്നാൽ, പഞ്ചായത്തിന് പുറത്തുള്ളവർ ലോക്കൽ കമ്മിറ്റിയിൽ വരുന്നത് കുറ്റ്യാടിയിൽ ആദ്യമല്ലെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സമീപ പഞ്ചായത്തുകാരനായ ടി.പി. കണാരൻ കുറ്റ്യാടിയിൽ ദീർഘകാലം ലോക്കൽ സെക്രട്ടറിയായിരുന്നിട്ടുണ്ടെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.