കുറ്റ്യാടി: കായക്കൊടി പാറക്കൽ ചന്ദ്രന്റെ മകളും കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയുമായിരുന്ന ആദിത്യ ചന്ദ്രന്റെ (22) മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ചന്ദ്രൻ കോഴിക്കോട് സിറ്റി കമീഷണർക്ക് പരാതി നൽകി. ഒന്നര വർഷമായി മാവൂർ സ്വദേശിയായ യുവാവിനൊപ്പമായിരുന്നു താമസമെന്നും അയാളുടെ ശാരീരികവും മാനസികവുമായ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയിൽ പറയുന്നു.
മേത്തോട്ട്താഴം ഗണപതിക്കുന്നിലെ വാടക വീട്ടിൽ കഴിഞ്ഞ 13ന് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളും പൊലീസും വരുംമുമ്പേ മൃതദേഹം അഴിച്ചുമാറ്റിയതായും പറയുന്നു. സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നതായും പരാതിയിലുണ്ട്. 14ന് കൂരാച്ചുണ്ടിലെ അമ്മയുടെ വീട്ടിലെത്തുമെന്ന് അമ്മയെയും അമ്മൂമ്മയെയും വിളിച്ചറിയിച്ചിരുന്നതായും പറയുന്നു.
അച്ഛനമ്മമാർ വേറിട്ടാണ് കഴിയുന്നത്. താൻ അസുഖബാധിതനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നപ്പോൾ മകൾ യുവാവിനൊപ്പം വന്ന് കണ്ടിരുന്നു. സുഹൃത്താണെന്നാണ് പരിചയപ്പെടുത്തിയതെന്നും പിതാവ് ചന്ദ്രൻ പരാതിയിൽ വിശദീകരിച്ചു.
അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. സമഗ്രമായ അന്വേഷണം നടത്തണമെന്നും യുവാവിനെയും സുഹൃത്ത് സംഘങ്ങളെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നും കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പട്ടിക ജാതി/ വർഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു. സൗത്ത് മേഖല കമ്മിറ്റി കോഓഡിനേറ്റർ മണി സി.കെ. പാലാഴി കൂടിക്കാഴ്ചക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.