കുറ്റ്യാടി: 2021-2022 വർഷം സർവിസിൽനിന്ന് വിരമിച്ച ഹെഡ്മാസ്റ്റർമാർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഒരു വർഷത്തിനു ശേഷവും ലഭിച്ചില്ലെന്ന് പരാതി. വടകര വിദ്യാഭ്യാസ ജില്ലയിലെ 15 പേരാണ് ഡി.സി.ആർ.ജി കിട്ടാൻ ഓഫിസുകൾ കയറിയിറങ്ങുന്നത്. വടകര ഡി.ഇ.ഒ ഓഫിസിൽനിന്ന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് ലഭ്യമാകേണ്ട ബാധ്യത രഹിത സർട്ടിഫിക്കറ്റ് നൽകാത്തതാണ് കാരണം.
ഹെഡ്മാസ്റ്റർമാർ അടച്ചുതീർക്കേണ്ട ഒരു സാമ്പത്തിക ബാധ്യതയും ഇല്ലെങ്കിലും 2011 മുതൽ സ്കൂളുകളിൽ വിതരണം ചെയ്ത ടെക്സ്റ്റ് ബുക്കുകളുടെ വില നൽകിയില്ല എന്നതാണ് ബാധ്യത രഹിത സർട്ടിഫിക്കറ്റ് നല്‍കാത്തതിന് കാരണമായി പറയുന്നത് 2011 മുതൽ സ്കൂൾ കോഓപറേറ്റീവ് സ്റ്റോർ വഴി ടെക്സ്റ്റ്ബുക്ക് വിതരണം ചെയ്ത ബുക്കുകളുടെ കുടിശ്ശികയാണ് ആവശ്യപ്പെടുന്നത്. 9, 10 ക്ലാസിലെ പാഠപുസ്തകങ്ങളുടെ റീ കൺസിലിയേഷനുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ 40 സ്കൂളുകൾക്ക് 700 രൂപ മുതൽ പത്തര ലക്ഷം രൂപവരെ ബാധ്യതയുണ്ട്. ഇത് 18% ശതമാനം പലിശയും ചേർത്ത് അടക്കാനാണ് ആവശ്യപ്പെടുന്നത്.
അടക്കാത്തവർ വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുകയാണ്.. എന്നാൽ, സിലബസ് പരിഷ്കരിച്ചപ്പോൾ മാറിയ പാഠപുസ്തകങ്ങൾ വിറ്റഴിക്കാൻ കഴിയാതാവുകയും അവ സ്കൂൾ സ്റ്റോറിൽ കെട്ടിക്കിടക്കുകയും ചെയ്തിരുന്നതുകാരണം അത്തരം പുസ്തകങ്ങളുടെ വില തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് ഹെഡ്മസ്റ്റർമാർ പറയുന്നത്.
ഒരു പതിറ്റാണ്ടു മുമ്പുള്ള ബാധ്യതകൾ അപ്പപ്പോൾ പിരിച്ചെടുക്കാതെ തുടർന്നുവന്ന ഹെഡ്മാസ്റ്റർമാരുടെ തലയിൽ കെട്ടിവെക്കുകയാണെന്നാണ് പരാതി. ബാധ്യത വരുത്തിയവർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകിയപ്പോൾ പിന്നീട് വന്നവരുൾപ്പെടെയാണ് കുരുക്കിലായത്. ഇപ്പോൾ വിരമിച്ച അധ്യാപകർക്ക് ഈ ബാധ്യതയിൽ നേരിട്ട് ഒരു ഉത്തരവാദിത്തവും ഇല്ലാതിരിക്കെ അവരുടെ അനുകൂല്യങ്ങളാണ് തടഞ്ഞുവെച്ചിരിക്കുന്നതെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.