കുറ്റ്യാടി: മദ്യഷാപ്പുകളിൽനിന്ന് അളവിൽ കൂടുതൽ മദ്യം വാങ്ങി പോകുന്നവരെ എക്സൈസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പിന്തുടർന്ന് പിടികൂടി പണവും മദ്യവും തട്ടിയെടുക്കുന്ന രണ്ടംഗ സംഘം അറസ്റ്റിൽ. കഴിഞ്ഞ ഒമ്പതിന് തൊട്ടിൽപാലത്ത് നരിപ്പറ്റ സ്വദേശിയിൽനിന്ന് അയ്യായിരം രൂപയും ആറു ലിറ്റർ മദ്യവും തട്ടിയെടുത്ത പരാതിയിൽ കോഴിക്കോട് പുതിയങ്ങാടി ഫാത്തിമ മൻസിലിൽ മഗ്ബൂൽ (51), അത്തോളി ഓങ്ങല്ലൂർ മീത്തൽ ബർജീസ് (35) എന്നിവരെയാണ് തൊട്ടിൽപാലം എസ്.ഐ സേതുമാധവനും സംഘവും അറസ്റ്റ് ചെയ്തത്.
തൊട്ടിൽപാലം ബിവറേജസ് കോർപറേഷന്റെ മദ്യഷാപ്പിൽനിന്ന് മദ്യം വാങ്ങി ബൈക്കിൽ പോകുന്ന ബിജുവിനെയും സുഹൃത്തിനെയും ഇരു ബൈക്കുകളിലായി പിന്തുടർന്ന മഗ്ബൂലും ബർജീസും തടഞ്ഞുനിർത്തി എക്സൈസ് സ്ക്വാഡാണെന്നും മദ്യം അളവിൽ കൂടുതലായതിനാൽ നാദാപുരം എക്സൈസ് ഓഫിസിലേക്ക് വരണമെന്നും പറഞ്ഞ് നിർബന്ധിച്ച് ബൈക്കിൽ കയറ്റുകയായിരുന്നു.
വിൽപനക്ക് കൊണ്ടുപോകുകയല്ലെന്നും കല്യാണത്തിന്റെ ഭാഗമായി വാങ്ങിയതാണെന്നും യുവാക്കൾ പറഞ്ഞതോടെ അയ്യായിരം രൂപ തന്നാൽ ഒഴിവാക്കിത്തരാമെന്നും പറഞ്ഞു. ആവശ്യത്തിന് പണം കൈയിലില്ലാത്തതിനാൽ ഇതിൽ ഒരാൾ വീട്ടിൽപോയി പണം സംഘടിപ്പിക്കുകയായിരുന്നു. എന്നാൽ, അയ്യായിരം രൂപയും പിടിച്ചെടുത്ത മദ്യവും പ്രതികൾ കൊണ്ടുപോകുകയായിരുന്നു. സംഭവത്തിനുശേഷം എക്സൈസുമായി ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു റെയ്ഡ് നടന്നിട്ടില്ലെന്ന് അറിവായി.
എക്സൈസിന്റെ നിർദേശ പ്രകാരം തൊട്ടിൽപാലം പൊലീസിൽ പരാതി നൽകുകയും ടൗണിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കോഴിക്കോടുനിന്ന് പിടികൂടുകയുമാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.