കുറ്റ്യാടി: വന്യമൃഗശല്യം രൂക്ഷമായ കാവിലുമ്പാറ, മരുതോങ്കര പഞ്ചായത്തുകളിലെ മലയോര മേഖലയിൽനിന്ന് കർഷകർ വ്യാപകമായി കുടിയിറങ്ങുന്നു. വനത്തിൽ തീറ്റയും വെള്ളവും കുറഞ്ഞേതോടെ മൃഗങ്ങൾ നാട്ടിലിറങ്ങി കൃഷിക്കും ജീവനും ഭീഷണിയായതോടെയാണ് കിട്ടുന്ന വിലക്ക് ഭൂമി വിറ്റൊഴിച്ച് കർഷകർ മലയിറങ്ങുന്നത്. കുരങ്ങ്, മലയണ്ണാൻ, കാട്ടുപന്നി, ആന, മുള്ളൻപന്നി, കാട്ടുപോത്ത് എന്നിവയുടെ ശല്യമാണ് രൂക്ഷം. തേങ്ങ, ഇടവിളകൾ, വാഴ എന്നിവ വ്യാപകമായി നശിപ്പിക്കുകയാണ്.
അമ്പതോളം കുടുംബങ്ങൾ താമസിച്ചിരുന്ന പൃക്കൻതോട് മലയിൽ ഇപ്പോൾ പത്തിൽ താഴെ വീടുകളേയുള്ളൂവെന്ന് കർഷകർ കഴിഞ്ഞ ദിവസം എം.എൽ.എ വിളിച്ച സർവകക്ഷി യോഗത്തിൽ പറയുകയുണ്ടായി. പുലിയുംകൂടി എത്തിയതോടെ ഇറങ്ങി നടക്കാനും ഭീതിയായി. വനപാലകർ നാട്ടിൽനിന്ന് പിടിക്കുന്ന വിഷപ്പാമ്പുകളെ കാട്ടിൽ കൊണ്ടുവന്നു തള്ളുന്നതും ഭീഷണിയാണ്. കാട്ടിൽനിന്ന് തൊട്ടടുത്ത താമസസ്ഥലങ്ങളിലേക്കാണ് അവ എത്തുന്നത്.
ആയിരം തേങ്ങ കിട്ടിയ പറമ്പുകളിൽനിന്ന് പകുതിയിൽ താഴെയാണ് ഇപ്പോൾ ലഭിക്കുന്നത്. ബാക്കി കുരങ്ങുകൾ തിന്ന് നശിപ്പിക്കുന്നു. പൃക്കൻതോട്ടെ സെബാസ്റ്റ്യൻ എന്ന കർഷകൻ അധികൃതർ വിളിച്ച യോഗത്തിനെത്തിയത് വന്യമൃഗങ്ങൾ നശിപ്പിച്ച കൊക്കോ, തേങ്ങ, കശുവണ്ടി തുടങ്ങിയവയുമായാണ്. വന്യമൃഗശല്യത്തെക്കുറിച്ച് വികാരഭരിതമായിരുന്ന അദ്ദേഹത്തിന്റെ വിവരണം. വന്യമൃഗങ്ങളെ തടയാൻ കാവിലുമ്പാറ പഞ്ചായത്തിൽ സോളാർ കമ്പിവേലികൾ (ഫെൻസിങ്) ഉണ്ടെങ്കിൽ മരുതോങ്കര പഞ്ചായത്തിൽ എവിടെയുമില്ല.
50 ശതമാനം സബ്സിഡി നിരക്കിൽ പഞ്ചായത്ത് സ്ഥാപിച്ചുകൊടുക്കാമെന്ന് പറഞ്ഞെങ്കിലും ആവശ്യക്കാർ എത്തിയിട്ടില്ല. ഏക്കർ കണക്കിൽ സ്വകാര്യഭൂമി വെട്ടിത്തെളിക്കാതെ കാടുമൂടി കിടക്കുന്നതും വന്യമൃഗങ്ങൾക്ക് ഒളിക്കാൻ സഹായകമാവുന്നു. കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള മരുതോങ്കര പഞ്ചായത്തിലെ സർക്കാർ വനമേഖലയിൽ മൃഗങ്ങൾക്ക് വസിക്കാൻ പറ്റിയ സാഹചര്യമില്ലാതായെന്ന് റേഞ്ച് ഓഫിസർ നിഖിൽ ജെറോം പറഞ്ഞു. വനം വകുപ്പിന് ഫണ്ടിന്റെ അപര്യാപ്തതയുള്ളതിനാൽ ഫെൻസിങ് നിർമിക്കാനും സാധിക്കുന്നില്ല. എം.എൽ.എ ഫണ്ടോ പഞ്ചായത്ത് ഫണ്ടോ ലഭ്യമാക്കണമെന്നും റേഞ്ച് ഓഫിസർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.