പാതിരിപ്പറ്റയിലെ സി.കെ. ഖാസിം മാസ്റ്ററും ജാവേദും കണ്ടുമുട്ടിയപ്പോൾ

അഞ്ചാണ്ടിനു ശേഷം ജാവേദ് 'മാതാപിതാക്കളെ' തേടിയെത്തി

കുറ്റ്യാടി: ലഖ്​നോക്കാരനാണ്​ ജാവേദ്​. എന്നാൽ, ഉപ്പ​യും ഉമ്മയും ആരെന്നറിയാതെ, ജന്മനാട്ടിൽനിന്നും ഏറെ അകലെ ഇങ്ങ്​ കേരളത്തിൽ ജുവനൈൽ ഹോമിലായിരുന്നു ജീവിതം. അതിനിടെ, 13ാം വയസ്സിൽ 2016ലെ വേനലവധിക്കാലത്ത്​ അവന്​ നിധിപോലെ ഒരു വാപ്പയേയും ഉമ്മയേയും കേരളത്തി​ൽനിന്ന്​ 'വീണുകിട്ടി'.

അന്നത്തെ ജില്ല കലക്ടർ എൻ. പ്രശാന്ത്‌ ഇടപെട്ട്​ നൽകിയ പത്രപരസ്യമായിരുന്നു അതിന്​ വഴിതെളിച്ചത്​. നാല് മക്കളുള്ള, കക്കട്ടിൽ പാതിരിപ്പറ്റയിലെ സി.കെ. ഖാസിം മാസ്റ്ററും ഭാര്യ പി.ടി. സൈനബയും ആ അവധിക്കാലം മുഴുവൻ സ്വന്തംമകനെ പോലെ അവനെ പൊന്നുപോലെ നോക്കി. രണ്ടുമാസത്തിന്​​ ശേഷം നിയമപ്രകാരം ജുവനൈൽ ഹോമിലേക്ക്​ തിരികെയയച്ചു. പിന്നീട്​ തമ്മിൽ ബന്ധമൊന്നുമില്ലായിരുന്നു.

കോഴിക്കോട്​ ജില്ല മുൻ കലക്ടർ എൻ. പ്രശാന്തിനൊപ്പം ജാവേദ്​

അതിനിടെ, ജാവേദ്​ മർകസ് സ്കൂളിൽ​ പത്താം ക്ലാസ് പാസായി. പതിനെട്ടാം വയസിൽ ജുവനൈൽ ഹോം വിട്ടു. ജാവേദുമായി അധികൃതരും പൊലീസും യഥാർഥ മാതാപിതാക്കളെ തേടി ലഖ്​നോവിൽ പോയെങ്കിലും നിരാശയായിരുന്നു ഫലം. കോഴിക്കോട് തന്നെ തിരിച്ചെത്തിയ അവൻ സ്വകാര്യ വൃദ്ധസദനത്തിൽ സഹായിയായി ജോലിചെയ്യുകയാണിപ്പോൾ.

ഖാസിം മാഷ്​ അന്നുപകർന്നു നൽകിയ സ്​നേഹത്തിന്‍റെയും കരുതലിന്‍റെയും മധുരമൂറുന്ന ഓർമ അഞ്ചാണ്ടിന്​ ശേഷവും ജാവേദിന്റെ മനസ്സിൽ കെടാതെ കിടപ്പുണ്ടായിരുന്നു. എന്നാൽ, മാഷിന്‍റെ പേരല്ലാതെ വീടോ നാടോ ഒന്നും കൃത്യമായി ഓർമയുണ്ടായിരുന്നില്ല. ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽനിന്ന്​ അനുവാദം വാങ്ങി മാഷെയും കുടുംബത്തെയും കണ്ടെത്താൻ നാടുനീളെ അന്വേഷിച്ചു. ഒടുവിൽ, ജാവേദ്​ ത​ന്‍റെ പ്രിയപ്പെട്ടവരെ കണ്ടുപിടിച്ചു. ഹൃദയസ്പർശിയായിരുന്നു ആ കൂടിക്കാഴ്ച. അതേക്കുറിച്ച്​ ഖാസിം മാസ്റ്ററുടെ നാട്ടുകാരൻ കൂടിയായ സഹദ്​ പാലോൽ ഫേസ്​ബുക്കിൽ എഴുതിയ കുറിപ്പ്​ വായിക്കാം:

ആ പരിലാളനയുടെ തലോടലേൽക്കാൻ ജാവേദ്‌ വീണ്ടും വന്നു, ഖാസിം മാസ്റ്ററേയും തേടി...

കോഴിക്കോട്‌ ജുവൈനൽ ഹോമിലുള്ള അനാഥരായ കുട്ടികൾക്ക്‌ സ്കൂൾ വേനലവധിക്കാലത്ത്​ വീട്ടിൽ പോകാൻ അവസരമുണ്ടായപ്പോൾ രക്ഷിതാക്കളാരെന്നറിയാത്ത എവിടെ നിന്നോ ചെറുപ്രായത്തിൽ ജുവൈനൽ ഹോമിലെത്തിയ ജാവേദിനെ കൊണ്ട്‌ പോകാൻ ആരുമുണ്ടായിരുന്നില്ല. അന്നത്തെ കലക്ടറായിരുന്ന പ്രശാന്ത്‌ ബ്രോ പത്രത്തിൽ കൊടുത്തതറിഞ്ഞ്‌ ഖാസിം മാസ്റ്റർ ജാവേദിനേയും തേടി ജുവൈനൽ ഹോമിലെത്തി.

ആ രണ്ട്‌ മാസം മറ്റ്‌ കുട്ടികളെപ്പോലെ രക്ഷിതാക്കളുടെ തലോടൽ നൽകാനും ആ ഇളം മനസ്സിനെ ചേർത്ത്‌ പിടിക്കാനും ഖാസിം മാസ്റ്ററും ഭാര്യ സൈനത്താത്തയും മുന്നിട്ടിറങ്ങി. ആ അവധിക്കാലം തന്‍റെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമ്മകൾ ബാക്കിയാക്കി ആ പതിമൂന്നു വയസ്സുകാരൻ വീണ്ടും ജുവൈനൽ ഹോമിലേക്ക്‌ മടങ്ങി.


ജാവേദ്‌ ഇന്ന് വലിയ കുട്ടിയായിരിക്കുന്നു. ജീവിതത്തിൽ നീട്ടി വിളിക്കാൻ ഒരു ഉപ്പയോ ഉമ്മയോ ഇല്ലാത്ത ജാവേദ്‌ ആ വേനലവധിയിൽ വീണുകിട്ടിയ ഉപ്പയയേം ഉമ്മയേയും തേടി എവിടെയൊക്കെയോ അലഞ്ഞു. ആ കുഞ്ഞിളം മനസ്സിലെ ഓർമ്മകൾ ചികഞ്ഞ്‌ നോക്കിയപ്പോൾ ഒന്ന് മാത്രം അറിയാം, എന്റെ ഉപ്പയുടെ പേര്‌ ഖാസിം മാസ്റ്ററാണെന്ന്. പിന്നീടറിയാവുന്നത്‌ സ്ഥലത്തിന്റെ പേര്‌ തുടങ്ങുന്നത്‌ "കു" എന്ന അക്ഷരത്തിലാണെന്ന്.

കുറ്റ്യാടിയെ തേടി കുറ്റിപ്പുറത്തെത്തി. അവിടെയെല്ലാം ഖാസിം മാസ്റ്ററെ അ​ന്വേഷിച്ചു വീണ്ടും താൻ കണ്ട ബസ്സ്റ്റാ​ന്റും പരിസരവും ഇതല്ല എന്ന് തിരിച്ചറിഞ്ഞ്‌ മറ്റൊരു ദിവസം കുറ്റ്യാടിയിലെത്തി. കുറ്റ്യാടിയും പരിസരവും ഓർമ്മയുടെ താളുകളിൽ മിന്നിത്തിളങ്ങി. എന്റെ ഉപ്പാനെ ഏതുവിധേനയും കണ്ടെത്തണമെന്ന നിശ്ചയദാർഡ്യത്താൽ അന്ന് കയറിയ പള്ളിയിൽ കേറി ഖാസിം മാസ്റ്ററെ അന്വേഷിച്ചു. വീട്ടുപേരോ മേൽ വിലാസമോ അറിയാത്തതിനാൽ എല്ലാവരും കൈ മലർത്തി. അന്ന് കുപ്പായമെടുത്ത് കൊടുത്ത തുണിക്കടയിലും കേറി അന്വേഷിച്ചു. തന്റെ ശ്രമം വിഫലമാവുമോ എന്നവൻ ഭയപ്പെട്ടു.


ഒടുവിൽ ഒരു ആംബുലൻസ്‌ കണ്ടപ്പോൾ പാലിയേറ്റീവ്‌ രംഗത്തെ സജീവ സാന്നിധ്യമാണെന്‍റെ ഉപ്പ എന്ന ബോധ്യത്താൽ അവരോട്‌ കൈ നീട്ടി ച്ചോദിച്ചു, നിങ്ങൾക്ക്‌ ഖാസിം മാസ്റ്ററെ അറിയുമോ ...? പ്രതീക്ഷയുടെ പൊൻകിരണമായി ആ മറുപടിയെത്തി. ഞാൻ വിചാരിക്കുന്ന ഖാസിം മാസ്റ്ററാണെങ്കിൽ അവരുടെ വിവരങ്ങൾ‌ ഞാൻ സംഘടിപ്പിച്ച്‌ തരാം എന്നും പറഞ്ഞ്‌ അവനെയും കൂട്ടി അദ്ദേഹം "തണൽ" ഓഫിസിലേക്ക്‌ പോയി.

പാതിരിപ്പറ്റയുള്ള ഖാസിം മാഷെ കുറിച്ചാണോ താങ്കൾ ചോദിക്കുന്നത്‌ എന്ന് ചോദിച്ചപ്പോൾ തന്നെ ആനന്ദം കൊണ്ടവന്റെ കണ്ണ്‌ നിറഞ്ഞു. അതെ താൻ തേടിയ ഉപ്പയിലേക്കിനി അധികം ദൂരമില്ലെന്നവൻ തിരിച്ചറിഞ്ഞു. ഉടൻ പാതിരിപ്പറ്റയിലേക്കുള്ള വണ്ടി കയറി. പതിനൊന്നാം വയസ്സിൽ ഓടിക്കളിച്ച ഇടവഴികൾ കണ്ടപ്പോൾ അവൻ തിരിച്ചറിഞ്ഞു, അനുവാദം ചോദിക്കാതെ കളിക്കാൻ പോയതിന്‌ അന്ന് ഉമ്മ ചീത്ത പറഞ്ഞ സ്ഥലമെത്തിയിരിക്കുന്നു..


ഒടുവിൽ ഉമ്മയേയും ഉപ്പയേയും കണ്ടപ്പോൾ ആനന്ദവും ആവേശവും കൊണ്ടവന്‍റെ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ പറയാനാവാതെ  വിക്കി. മുഖത്തെ മാസ്ക്കൊന്നഴിച്ചപ്പോൾ പിറക്കാതെ പോയ മകനെ കണ്ട സന്തോഷത്താൽ മാഷ്‌ വാരിപ്പുണർന്നു.

ഇന്നവന്‌ 18 വയസ്സ്‌ കഴിഞ്ഞിരിക്കുന്നു. അവന്റെ സ്വന്തം മാതാപിതാക്കളെ തേടി പോലീസിന്‍റെ കൂടി സഹായത്താൽ ലഖ്​നോ മുഴുവൻ കറങ്ങിയിരുന്നു. അഡ്രസ്സോ ഒന്നും ഓർമ്മ ഇല്ലാത്തതിനാൽ അവന് കണ്ടെത്താനായില്ല. അൽപ്പമെങ്കിലും പരിചയമുള്ള കേരളമാണ്​ നാടെന്ന് പറഞ്ഞവൻ തിരിച്ചു പോന്നു. അവന്‌ ഇന്നും എന്നും ഉപ്പാ... ഉമ്മാ... എന്നുറക്കെ വിളിക്കാൻ ഖാസിം മാഷും സൈനത്തയും മാത്രമേ ഉള്ളൂ എന്ന് ഓർമ്മിപ്പിച്ച്‌ കൊണ്ട്‌ വൈകുന്നേരത്തോടെ അവൻ കോഴിക്കോട്ടേക്ക്‌ മടങ്ങിപ്പോയി...


Tags:    
News Summary - Five years later, Javed met his 'parents' Kasim C K Pathirippatta in Kerala's kuttiyadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.