കുറ്റ്യാടി: ടൗണിലെ വസ്ത്രവ്യാപാരക്കടയിൽ ഗുണ്ട ആക്രമണം നടത്തിയ കേസിൽ ഒളിവിലായിരുന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. മരുതോങ്കര മണ്ണൂർ ആലക്കാട്ട് കൊറ്റോത്തുമ്മൽ ജസീറിനെയാണ് (34) കുറ്റ്യാടി എസ്.ഐ പി. ഷമീറും സംഘവും പാലേരി തോട്ടത്താങ്കണ്ടിയിൽനിന്ന് പിടികൂടിയത്. സി.പി.ഒമാരായ പ്രവീൺ, ശ്രീജിത്ത് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഡിപ്ലെ റെഡിമെയ്ഡ് ഷോപ്പിൽ രാത്രി അതിക്രമിച്ചു കയറി ജീവനക്കാരനെയും നാട്ടുകാരെയുമടക്കം ആക്രമിച്ചു പരിക്കേൽപിച്ച ശേഷം രക്ഷപ്പെട്ട സംഘം ഒളിവിലായിരുന്നു. കടയിലെ ജീവനക്കാരൻ തിരിച്ചറിയുകയും സി.സി.ടി.വിയിൽ കാണുകയും ചെയ്ത പ്രതിയാണ് ജസീർ. അയൽ സംസ്ഥാനത്തടക്കം മുങ്ങി നടന്ന ഇയാൾ നാട്ടിലെത്തിയതായി രഹസ്യ വിവരം ലഭിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് പിന്തുടർന്ന് പിടികൂടിയത്.
പ്രതികൾ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനാൽ ഹൈകോടതിയെ സമീപിക്കാനിരിക്കുകയായിരുന്നു.
ചിരട്ട വണ്ടിയിലെ ഡ്രൈവറായ ജസീർ മുമ്പ് തൊട്ടിൽപാലത്ത് പൊലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകളിൽ പ്രതിയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണം നടന്ന കടയിൽ കൊണ്ടുപോയി തെളിവെടുത്ത ശേഷം നാദാപുരം ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തിലെ പ്രതികൾ രക്ഷപ്പെട്ടതിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. നേരത്തെ ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് കടയാക്രമണം എന്നാണ് പറയുന്നത്.
എതിർ ചേരിയിൽപെട്ടയാളെ തേടിയാണ് സംഘം കടയിൽ വന്നതെന്നും പറഞ്ഞു. കടയിലെ ജീവനക്കാരനെയും രണ്ട് ഇടപാടുകാരെയും പരിസരത്തെ മറ്റൊരു കടയിൽ നിൽക്കുന്ന യുവാവിനെയുമാണ് സംഘം ആക്രമിച്ച് പരിക്കേൽപിച്ചത്.
മരുതോങ്കര സ്വദേശികളായ സുമിത്, ഷിബു, വിജീഷ് തുടങ്ങിയവരാണ് മറ്റു പ്രതികൾ. സംഘത്തിനെതിരെ വധശ്രമമുൾപ്പെടെ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.