കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസ് മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കുന്നതിന്റെ ശ്രമമെന്നോണം സർവകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഉടമകളെയും നിക്ഷേപകരെയും ഒന്നിച്ചിരുത്തി ചർച്ച നടത്തി. എം.കെ. നജീബിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ മാനേജിങ് ഡയറക്ടർ വി.പി. സബീർ, പ്രധാന പാർട്ണർമാരായ ടി. മുഹമ്മദ്, കെ.പി. ഹമീദ്, സി.കെ. ഹമീദ്, മാനേജർ സബീൽ തുടങ്ങിയവരും നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ജിറാഷ് പേരാമ്പ്ര, പി. സുബൈർ, വിവിധ പാർട്ടി പ്രതിനിധികളായ സൂപ്പി നരിക്കാട്ടേരി, എ.എം. റഷീദ്, എം.കെ. ശശി, ശ്രീജേഷ് ഊരത്ത്, ടി. സുരേഷ് ബാബു തുടങ്ങിയവരടക്കം ഇരുപത്തഞ്ചിലേറെ പേർ പങ്കെടുത്തു.
ജ്വല്ലറിയുമായി ബന്ധപ്പെട്ട് പങ്കെടുത്ത എല്ലാവരും മാസങ്ങളോളം റിമാൻഡിലായിരുന്നു. ജാമ്യത്തിലിറങ്ങിയതോടെയാണ് സർവ കക്ഷികളിടപെട്ട് അന്യായക്കാരെയും പ്രതിസ്ഥാനത്തുള്ളവരെയും ഒന്നിച്ചിരുത്തിയത്. ജ്വല്ലറിയുടെ കുറ്റ്യാടി, കല്ലാച്ചി, പയ്യോളി ഷോറൂമുകളിലായി ചെറുതും വലുതുമായ സംഖ്യകളും സ്വർണാഭരണങ്ങളും നിക്ഷേപിച്ച ഇരുനൂറ്റമ്പതിലേറെ പേർ പൊലീസിൽ പരാതി നൽകിയിരുന്നു. എല്ലാം കൂടി കോടികളുടെ തട്ടിപ്പ് നടന്നതായാണ് പരാതി. മൂന്ന് ഷോറൂമുകളും പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു. മൂന്ന് ജ്വല്ലറികളിൽനിന്നും വളരെ കുറച്ച് സ്വർണമാണ് പൊലീസിന് കണ്ടെടുക്കാനായത്. യോഗത്തിൽ ഉടമകളും മാനേജിങ് ഡയറക്ടറും തമ്മിൽ ആരോപണ, പ്രത്യാരോപണങ്ങളെതുടർന്ന് ചർച്ചക്ക് മറ്റൊരു ദിവസം വീണ്ടും ചേരാമെന്ന് തീരുമാനിച്ച് പിരിയുകയാണുണ്ടായത്.
അതിനിടെ, ബുധനാഴ്ച നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്തു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതുവരെ അന്വേഷിച്ച ലോക്കൽ പൊലീസിന് തൊണ്ടിമുതൽ കണ്ടെത്താനാവാത്തത് പൊലീസിന്റെ അനാസ്ഥ കാരണമാണെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. ജ്വല്ലറി പൂട്ടുന്നതിന് മുമ്പ് സ്വർണം കൊണ്ടുപോയി എന്ന് ആരോപിച്ച് നിരവധി വോയിസ് ക്ലിപ്പുകൾ പ്രചാരണത്തിൽ ഉണ്ടായിട്ടുപോലും ആ വഴിക്ക് പൊലീസിന്റെ അന്വേഷണം ഉണ്ടായില്ലെന്നും പറയുന്നു. പൂട്ടുന്ന സമയത്ത് 25 കിലോയോളം സ്വർണം ജ്വല്ലറിയിൽ ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ കണക്ക്. രണ്ടരക്കിലോ സ്വർണം മാത്രമാണ് വിവിധ ഷോറൂമുകളിൽ നിന്ന് പൊലീസ് റെയ്ഡിൽ കണ്ടെത്തിയത്. ബാക്കി കൊണ്ടുപോയവരെ കണ്ടെത്താനോ സ്വർണം ഒളിപ്പിച്ച സ്ഥലം കണ്ടുപിടിക്കാനോ സാധിച്ചിട്ടില്ല. പയ്യോളി ജ്വല്ലറി യുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേർ അറസ്റ്റിലാവാൻ ബാക്കിയുണ്ടെന്നതും പൊലീസ് അനാസ്ഥക്ക് കാരണമായി നിക്ഷേപകർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.