കുറ്റ്യാടി: ജ്വല്ലറി തട്ടിപ്പിനിരയായവർ നാട്ടുകാരുടെ പിന്തുണ തേടി പ്രതിയുടെയും പാർട്ണർമാരുടെയും പ്രദേശത്ത് സംഘടിച്ചെത്തി. സാധാരണക്കാരിൽനിന്നടക്കം ലക്ഷങ്ങളും സ്വർണവും സ്വീകരിച്ച് ജ്വല്ലറി പൂട്ടിപ്പോയ കേസിൽ അറസ്റ്റിലായ കുറ്റ്യാടി ഗോൾഡ് പാലസ് മാനേജിങ് പാർട്ണർ സബീർ, പാർട്ണർമാരായ മുഹമ്മദ്, ഹമീദ്, നടത്തിപ്പുകാരനായ സബീൽ എന്നിവരുടെ പ്രദേശമായ കുളങ്ങരത്താഴയിലാണ് രോഷവും കണ്ണീരുമായി സ്ത്രീകളടക്കം ഇരുനൂറോളം പേർ എത്തിയത്. ഇതിനിടയിൽ സംഘർഷവുമുണ്ടായി.
മഹല്ല് കമ്മിറ്റിക്ക് നിവേദനം നൽകാനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാനും ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് എത്തിയെതന്ന് ഭാരവാഹികൾ പറഞ്ഞു. കേസിൽ ഉൾപ്പെട്ടവരെല്ലാം ഒരേ മഹല്ലിൽപെട്ടവരാണ്. ആക്ഷൻ കമ്മിറ്റി സമീപത്തെ ഒരു കെട്ടിടത്തിൽ യോഗം നടത്താൻ ഒരുങ്ങവെ നാട്ടുകാർ എത്തുകയും വാക്കേറ്റവും ഉന്തും തള്ളും നടക്കുകയുമായിരുന്നു. സംഘർഷാവസ്ഥ അറിഞ്ഞ് കുറ്റ്യാടി പൊലീസെത്തി ഇരുകൂട്ടരെയും വിരട്ടിയോടിച്ചു. തട്ടിപ്പു സംഭവത്തിൽ ബന്ധമുള്ളതായി നിേക്ഷപകർ ആരോപിക്കുന്ന ഉടമകളിൽ രണ്ടുപേരുടെ വീടുകളിലേക്ക് സംഘടിച്ചുനീങ്ങണം എന്ന നിക്ഷേപകരിൽ ചിലരുടെ ശബ്ദ സന്ദേശം അറിഞ്ഞാണ് ആളുകൾ സംഘടിച്ചെത്തിയത്. കുറ്റ്യാടി സി.െഎ ടി.ടി. ഫർഷാദ്, എസ്.െഎ ബിജു എന്നിവരുടെ നേതൃത്വത്തിലെത്തിയാണ് പൊലീസ് ഇരുകൂട്ടരെയും സ്ഥലത്തുനിന്ന് മാറ്റിയത്. ജ്വല്ലറി തട്ടിപ്പുകേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റ്യാടിയിലെ ജ്വല്ലറിയിൽ മാത്രം 20 കോടിയിൽപരം രൂപയുടെ നിക്ഷേപം സ്വീകരിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. മക്കളുടെ വിവാഹാവശ്യത്തിന് ആഭരണം വാങ്ങാൻ തവണകളായി പണമടച്ച സാധാരണക്കാർപോലും തട്ടിപ്പിനിരയായിട്ടുണ്ട്. മാനേജിങ് പാർട്ണറെ മാത്രം കുറ്റം ഏൽപിച്ച് ഉത്തരവാദപ്പെട്ടവർ മുങ്ങുകയായിരുെന്നന്നും നിക്ഷേപകർ ആരോപിച്ചു.
അതിനിടെ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കെ. മുരളീധരൻ എം.പിയെ കണ്ട് നിവേദനം നൽകി. നഷ്ടപ്പെട്ട പണവും സ്വർണവും തിരിച്ചുകിട്ടാനുള്ള കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം സഹായം വാഗ്ദാനം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു.
തുടർന്ന് ഇ.കെ. വിജയൻ എം.എൽ.എക്കും നിവേദനം നൽകി. ചൊവ്വാഴ്ച മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ച് സർവകക്ഷി ആക്ഷൻ കമ്മിറ്റിയുണ്ടാക്കുമെന്ന് കൺവീനർ പി. സുബൈർ പറഞ്ഞു.
ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: പയ്യോളിയിൽനിന്ന് തട്ടിയത് രണ്ടു കോടി
പയ്യോളി: ഗോൾഡ് പാലസ് ജ്വല്ലറിയുമായി ബന്ധപ്പെട്ട സ്വർണ-നിക്ഷേപ തട്ടിപ്പിന് പയ്യോളി ശാഖയിൽനിന്ന് നിരവധി പേർ ഇരയായതായി പൊലീസിൽ പരാതി ലഭിച്ചു.പയ്യോളി പൊലീസിൽ തിങ്കളാഴ്ച വൈകീട്ടുവരെ ലഭിച്ച 37 പരാതികളിലായി രണ്ടു കോടിയിലധികം നഷ്ടപ്പെട്ടതായാണ് കണക്ക്.പരാതിക്കാരുടെ പട്ടികയും നഷ്ടക്കണക്കും ഇനിയും നീളാനാണ് സാധ്യത.
10,000 മുതൽ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ ഇക്കൂട്ടത്തിലുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി ഉള്ളൂർ സ്വദേശി മകളുടെ വിവാഹാവശ്യാർഥം എട്ടു ലക്ഷം രൂപ നൽകി 30 പവൻ സ്വർണാഭരണം ഓർഡർ നൽകിയിരുന്നു.വരുന്ന ഒക്ടോബറിലേക്ക് നിശ്ചയിച്ച വിവാഹത്തിന് 2020 ഡിസംബറിൽ അഞ്ചു ലക്ഷവും 2021 ജനുവരിയിൽ മൂന്നു ലക്ഷവുമാണ് നൽകിയിരുന്നത്.മറ്റൊരു പരാതിയിൽ തിക്കോടി സ്വദേശിനി പാദസരം നിർമിക്കാനായി പകരം മൂന്നര പവെൻറ ആഭരണങ്ങളും 10,000 രൂപയും നൽകി ആഗസ്റ്റ് 20ന് ഓർഡർ നൽകിയെങ്കിലും ഇതുവഴി 1,38,638 രൂപ നഷ്ടമായി.പയ്യോളി ആവിക്കൽ സ്വദേശിനി മുൻകൂറായി മാർച്ച് 31ന് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു.
കൂടാതെ, പർച്ചേസ് സ്കീം വഴി 12,100 രൂപയും ഇതോെടാപ്പം ഇവർക്ക് നഷ്ടെപ്പട്ടതായി പരാതി നൽകി.ഐ.പി.സി 406, 420 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.സംഭവത്തെ തുടർന്ന് പയ്യോളി ദേശീയപാതക്കു സമീപം പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ ശാഖ അടച്ചിട്ടിരിക്കുകയാണ്.പണിക്കൂലിയിൽ ഇളവ് തരാമെന്ന വാഗ്ദാനം നൽകിയാണ് മുൻകൂറായി സ്വർണാഭരണങ്ങൾക്ക് ഇടപാടുകാരിൽനിന്ന് പണം ഈടാക്കിയതായി കണ്ടെത്തിയിരിക്കുന്നത്.ഇതിനു പുറമെ സ്വർണം പർച്ചേസ് ചെയ്യാൻ കലക്ഷൻ ഏജൻറുമാർ മുഖേന നിത്യപ്പിരിവ് മുതൽ ആകർഷകമായ സ്കീമുകൾ നൽകി ഇടപാടുകാരിൽനിന്ന് പണം ശേഖരിക്കുന്ന പദ്ധതിയും ജ്വല്ലറിയുടെ കീഴിൽ നടന്നിരുന്നു.
ജ്വല്ലറിയുടെ കുറ്റ്യാടി, നാദാപുരം ശാഖകളിലാണ് കൂടുതൽ പേർ തട്ടിപ്പിനിരയായിരിക്കുന്നത്. സംഭവത്തിൽ സ്ഥാപനത്തിെൻറ മാനേജിങ് പാർട്ണർ വി.പി. സബീറിനെ ഞായറാഴ്ച കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നിക്ഷേപകരെ ആകർഷിച്ചത് ഗോൾഡ് പാലസിലെ ഉയർന്ന ലാഭവിഹിതം
കുറ്റ്യാടി: നിക്ഷേപ തട്ടിപ്പ് പരാതിയെ തുടർന്ന് അടച്ച കുറ്റ്യാടി േഗാൾഡ് പാലസിൽനിന്ന് ഇടപാടുകാർക്ക് നൽകിയത് മാസം ഒരു ശതമാനം ലാഭമെന്ന്. ലക്ഷത്തിന് മാസം 1000 രൂപ വീതം ലഭിച്ചിരുന്നതായി നിക്ഷേപകർ പറയുന്നു. 12 പവൻ നിക്ഷേപിച്ചയാൾക്ക് മാസം അയ്യായിരവും 17 പവൻ നിേക്ഷപിച്ചയാൾക്ക് മാസം ആറായിരവും ലഭിച്ചിരുന്നതായി പറഞ്ഞു.
ഇതിനാൽ കോഴിക്കോട്ടുനിന്നുപോലും ഇവിടെ നിക്ഷേപം ലഭിച്ചിരുന്നു. ഇതോടെ വെറുതെ കിടക്കുന്ന വിവാഹ സ്വർണം വധൂവരന്മാർക്ക് വരുമാനമുണ്ടാക്കാവുന്ന മാർഗമായി. മുക്കാൽ കോടിയും 50 പവനും വരെ നിേക്ഷപിച്ചവരുണ്ട്. ജ്വല്ലറി നഷ്ടത്തിലേക്കാണന്നറിഞ്ഞ നാട്ടുകാരിൽ ചിലർ നിക്ഷേപം പിൻവലിച്ചുതുടങ്ങിയതിനാൽ േകട്ടറിഞ്ഞ് ബാക്കിയുള്ളവരും ജ്വല്ലറിയിൽ എത്തിത്തുടങ്ങുകയായിരുന്നു. എന്നാൽ, തുച്ഛവരുമാനക്കാരായ നിരവധി പേർ പെൺമക്കളുടെ വിവാഹാവശ്യത്തിന് തവണകളായി അടച്ച പണവും നഷ്ടപ്പെടുന്ന അവസ്ഥയായി. നേരേത്ത ജ്വല്ലറിയിൽ പാർട്ണർഷിപ് ഉണ്ടായിരുന്ന ചിലർ നിേക്ഷപം പിൻവലിച്ച് സ്വന്തമായി സംരംഭം തുടങ്ങിയതും ജ്വല്ലറിയുടെ പതനത്തിേലക്കു വഴിവെച്ചതായി നാട്ടുകാർ പറയുന്നു. അറസ്റ്റിലായ മാേനജിങ് പാർട്ണർ സബീർ പാലേരി സ്വദേശിയാണ്.
കുളങ്ങരത്താഴ സ്ഥിരതാമസമാക്കിയതോടെ പ്രദേശവാസികളായ ചിലരുമായി ചേർന്നാണ് േഗാൾഡ് പാലസ് ജ്വല്ലറി തുറക്കുന്നത്. പിന്നീട് കല്ലാച്ചിയിലും പയ്യോളിയിലും ശാഖകൾ തുറക്കുകയായിരുന്നു. ഗോൾഡ് പാലസ് നിക്ഷേപകരുടെ വാട്സ്ആപ് കൂട്ടായ്മ 100 നിക്ഷേപകരുടെ പേരും വാങ്ങിയ തുകയും സ്വർണത്തിെൻറ തൂക്കവും പങ്കുവെച്ചിട്ടുണ്ട്. അതും കോടികളുണ്ട്.
സ്വർണം കിട്ടിയില്ല: ജ്വല്ലറി തട്ടിപ്പിൽ കുടുങ്ങിയ യുവതിയുടെ വിവാഹം അനിശ്ചിതത്വത്തിൽ
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായി കുറ്റ്യാടി െപാലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയവരുടെ കൂട്ടത്തിലെത്തിയ പെൺകുട്ടിയുടെ കരച്ചിൽ എല്ലാവരുടെയും വേദനയായി. അടുക്കത്ത് സ്വദേശിയായ ആ നിർധന പെൺകുട്ടിയുടെ വിവാഹം അടുത്ത മാസം നടത്താൻ തീരുമാനിച്ചതാണ്.
വിവാഹത്തിന് സ്വർണം വാങ്ങാൻ ഒരുക്കി കൂട്ടിവെച്ച തുക കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറിയിൽ ഏൽപ്പിച്ചതാണ്. പണവും പഴയ സ്വർണവുമൊക്കെയായാണ് പണം ഒപ്പിച്ചത്. എന്നാൽ, ജ്വല്ലറി പൂട്ടിയതോടെ സ്വർണം ഇനി എങ്ങനെ കിട്ടും എന്ന വേവലാതിയാണ്. വിവാഹം മുടങ്ങാതിരിക്കാൻ ഇടപെടണം എന്നായിരുന്നു പൊലീസിനോട് അവളുടെ അഭ്യർഥന. എന്നാൽ, ഒരാളുടെ കാര്യത്തിൽ മാത്രം ഇടപെടാൻ കഴിയാത്തതിനാൽ പൊലിസ് അധികാരികൾ ഒന്നും പ്രതികരിച്ചില്ല. തട്ടിപ്പിരയായവരുടെ വാട്സ്ആപ് കൂട്ടായ്മ അവൾക്ക് സ്വർണം സംഘടിപ്പിക്കാനുള്ള യജ്ഞം കൂടി ഏറ്റെടുത്തിരിക്കുകയാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സന്നദ്ധ സംഘടനകളുടെ സഹായം അവർ തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.