കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മാനേജർ അസ്റ്റിൽ. പാർട്ണർ കൂടിയായിരുന്ന കരണ്ടോട് തൊടുവയിൽ സബീലിനയാണ് (35) സി.ഐ ടി.പി.ഫർഷാദ് ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ഇയാൾ കീഴടങ്ങുകയായിരുന്നെന്നും പറയുന്നു.പല നിക്ഷേപകരിൽ നിന്നും ഇയാളുടെ കൂടി പങ്കാളിത്തത്തോടെയാണ് പണവും സ്വർണ്ണവും വാങ്ങിയതെന്ന് പരാതിയുണ്ടായിരുന്നു. ജ്വല്ലറി തകർച്ചയി ലാണെന്നറിഞ്ഞതോടെ ഇയാൾ കുറെ കാലമായി മാറി നിൽക്കുകയായിരുന്നു.
ഇയാളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ജ്വല്ലറിയിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ ഇയാൾ പറഞ്ഞിരുന്നതായും നിക്ഷേപകർ ആരോപിക്കുന്നു. ഈ കേസിൽ അറസ്റ്റിലാവുന്ന അഞ്ചാമത്തെയാളാണ് സബീൽ. വൈകീട്ട് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ സബീലിനെ രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.നേരത്തെ അറസ്റ്റിലായ മാനേജിങ് പാർട്ണർ സബീർ, പാർട്ണർമാരായ കെ.പി.ഹമീദ്, എം.ടി.മുഹമ്മദ്, സി.കെ.ഹമീദ്, ജ്വല്ലറിയുടെ കല്ലാച്ചി ശാഖ മാനേജർ റുംഷാദ് എന്നിവർ റിമാൻഡിലാണുള്ളത്.
കഴിഞ്ഞ ദിവസം മഞ്ചേരിയിൽ നിന്ന് അറസ്റ്റിലായ പാർട്ണർ ചെറിയകുമ്പളത്തെ സി.കെ.ഹമീദിനെയും സബീലിനെയും കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി വാങ്ങി ചോദ്യം ചെയ്യുമെന്നും അറിയിച്ചു. .മുസ്ലിം യൂത്ത് ലീഗ് കായക്കൊടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റായിരുന്ന സബീലിനെ കേസിൽ പ്രതിയായതോടെ തൽസ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. കഴിഞ്ഞ മാസം 26 നാണ് കോടികളുടെ നിക്ഷേപമുള്ള ജ്വല്ലറി പൂട്ടി ഉടമകൾ മുങ്ങിയത്. മൂന്ന് ദിവസത്തിനകം മാനേജിങ് പാർട്ണർ സബീർ കീഴങ്ങി.
ഖത്തറിലേക്ക് കടന്ന ഹമീനെയും മുഹമ്മദിനെയും നാട്ടിലേക്ക് വരുന്ന വഴി ഡൽഹി വിമാനത്താവത്തിലാണ് അറസ്റ്റ് ചെയ്തത്. സബീലിന്റെ അറസ്റ്റോടെ മുഴുവൻ പ്രതികളും പിടിയാലായി. ജ്വല്ലറിയിൽ നിക്ഷേപമായി ലഭിച്ച സ്വർണ്ണവും പണവും എങ്ങോട്ട് പോയി എന്നാണ് ഇനി കണ്ടെത്താനുള്ളത്.
ജ്വല്ലറി തട്ടിപ്പ്: കല്ലാച്ചിയിൽ നിക്ഷേപകരുടെ പ്രതിഷേധ സംഗമം
നാദാപുരം: ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസിൽ നിക്ഷേപകർ കല്ലാച്ചിയിലെ ജ്വല്ലറിക്ക് മുന്നിൽ പ്രതിഷേധസംഗമം നടത്തി. പണവും സ്വർണവും നിക്ഷേപിച്ച സത്രീകളടക്കമുള്ള നൂറോളം പേർ പങ്കെടുത്തു. സമരപരിപാടികളും കേസ് നടപടികളും ഏകോപിപ്പിക്കാൻ കല്ലാച്ചി കേന്ദ്രമായി ഉപകമ്മറ്റി രൂപവത്കരിച്ചു. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ കേസ് നടത്തിപ്പിനായി ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചതായി കുറ്റ്യാടി മേഖലാ കൺവീനർ പി. സുബൈർ പറഞ്ഞു.
ജ്വല്ലറിയിൽനിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടാൻ ജ്വല്ലറി ജീവനക്കാരെയും അവരുടെ ബന്ധുക്കളെയും ചോദ്യംചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു. കർമസമിതി ഭാരവാഹികളായി അജ്നാസ് പേരോട്, മൂസഹാജി വാണിമേൽ, കെ.കെ. സഅദ്, കളരിച്ചാലിൽ അബൂബക്കർ, വനിത ഭാരവാഹികളായി ആയിഷ നടുക്കണ്ടി, ശ്രീജ കല്ലാച്ചി എന്നിവരെ തിരഞ്ഞെടുത്തു.നാദാപുരത്ത് 130 പരാതികളിലായി ആറു കോടി രൂപയും പയ്യോളിയിൽ മൂന്നര കോടി രൂപയും കുറ്റ്യാടിയിൽ 15 കോടി രൂപയും നഷ്ടമായതായാണ് പൊലീസിന് ലഭിച്ച പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.