കുറ്റ്യാടി: മംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കുറ്റ്യാടി സ്വദേശി വാഹനാപകടത്തിൽ മരിച്ചു. കണ്ടിയിൽ റസിയയുടെയും തളീക്കര കാഞ്ഞിരോളി ഏരത്ത് വീട്ടിൽ അബ്ദുന്നാസറിൻ്റെയും (അബൂദബി) മകൻ ഹാനിയാണ് (28) ബൈക്കിന് പിന്നിൽ കാറിടിച്ച് മരിച്ചത്. വെള്ളിയാഴ്ച രാത്രി താമസസ്ഥലത്തേക്ക് പോകാൻ മറ്റൊരാളുടെ ബൈക്കിന് പിറകിൽ യാത്ര ചെയ്യുമ്പോൾ രാത്രി പതിനൊന്നരക്കാണ് സംഭവം.
ഇടിച്ച കാർ നിർത്താതെ പോയി. ബൈക്ക് ഓടിച്ചയാൾക്കും പരിക്കേറ്റിട്ടുണ്ട്. കാർ പിന്നീട് പൊലീസ് തിരിച്ചറിഞ്ഞു.
നേരത്തെ ഡൽഹിയിൽ ജോലി ചെയ്തിരുന്ന ഹാനി അടുത്തിടെയാണ് മംഗളൂരുവിലേക്ക് മാറിയത്. മംഗളൂരുവിൽ ഫിസിയോ തെറാപ്പിക്കു പഠിക്കുന്ന സഹോദരി ഹിബയുടെ താമസസ്ഥലത്തേക്കാണ് ഹാനി പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മാതാവ് റസിയയും അവിടെയാണ് ഉണ്ടായിരുന്നത്. ഹാനിയെ സഹോദരിക്കൊപ്പം നിർത്തി മാതാവ് കുറ്റ്യാടിയിലേക്ക് പോന്നതാണ്.
അപകടത്തിന് തൊട്ടു മുമ്പ് ഉമ്മയെ ഫോണിൽ വിളിച്ച് നല്ല മഴയാണെന്നും ഒരു ബൈക്കിൽ കയറാൻ നോക്കുകയാണെന്നും പറഞ്ഞിരുന്നു. ഗൾഫിൽ ജോലി ശരിയായ വിവരവും അറിയിച്ചിരുന്നു. പിന്നാലെയാണ് അപകട വാർത്തയും വരുന്നത്. കുറ്റ്യാടിയിൽ നിന്ന് ബന്ധുക്കൾ പോയി മൃതദേഹം ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.