കുറ്റ്യാടി: ശനിയാഴ്ച രാത്രി കുറ്റ്യാടി ടൗണിൽ നാല് കടകൾ കത്തിനശിച്ച ഇടത്ത് വിദഗ്ധ സംഘം തെളിവെടുപ്പു നടത്തി. ഫോറൻസിക് വിദഗ്ധ സഫ്ന, വിരലടയാള വിദഗ്ധൻ ജിജേഷ് പ്രസാദ്, കെ.എസ്.ഇ.ബി സബ് എൻജിനീയർ ഷൈജു, ഡോഗ് സ്ക്വാഡ് എന്നിവരാണ് ഞായറാഴ്ച രാവിലെ തെളിവെടുത്തത്.
കാരണം ആർക്കും വ്യക്തമായിട്ടില്ലന്നാണ് സൂചന. വേളം കിണറുള്ള കണ്ടിമുക്ക് വെള്ളാക്കൊടി വി.കെ. സിദ്ദീഖിന്റെ ചന്ദനമഴ എന്ന ഫാൻസി ആൻഡ് ഗ്രോസറി കടയിൽനിന്നാണ് തീപടർന്നത്.
ഇരുവശങ്ങളിലായുള്ള സിദ്ദീഖിന്റെതന്നെ ഉടമസ്ഥതയിലുള്ള സോപ്പ് കട, അടുക്കത്ത് കണ്ണങ്കോടൻ ബഷീർ, മണ്ണൂർ വലിയകണ്ടത്തിൽ വി.കെ. കബീർ എന്നിവരുടെ ചെരിപ്പുകട, പയ്യോളി കുന്നോത്ത്മീത്തൽ അനീഷിന്റെ മാക്സി കട എന്നിവയാണ് കത്തിനശിച്ചത്. സമീപത്തെ ഹൈഫാഷൻ ടെയ്ലേഴ്സ്, പഴക്കട എന്നിവക്കും കേടുപാടുണ്ട്. മലേനാണ്ടി പറമ്പിലാണ് കത്തിനശിച്ച കടകളെല്ലാം.
പറമ്പിലെ വീട്ടിലേക്കുണ്ടായിരുന്ന റോഡ് ഒഴിവാക്കി അത്രയും ഭാഗം ടിൻ ഷീറ്റ് കൊണ്ടും ടാർപോളിൻകൊണ്ടും ഷെഡ് നിർമിച്ച് അതിലാണ് ഫാൻസി ഷോപ്പ് പ്രവർത്തിച്ചത്. അത് മുഴുവൻ ചാമ്പലായി. തീ കടയിൽ നിന്നുണ്ടായതല്ല പുറത്തുനിന്ന് ഉണ്ടായതാവാമെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഉടമ സിദ്ദീഖ് പറഞ്ഞു. കടയിലെ ആറ് സി.സി ടി.വി കാമറകളും പ്രോസസറും കത്തിനശിച്ചതിനാൽ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. മൂന്ന് സ്ത്രീ തൊഴിലാളികളാണ് കടയിൽ ഉണ്ടായിരുന്നത്.
അവർ ആറിന് കട അടച്ചു പോയതാണ്. ഫാൻസി സാധനങ്ങളുടെ വിതരണം ഉള്ളതിനാൽ താൻ പുറത്തായിരുന്നെന്നും പറഞ്ഞു. 20 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ട്. ആറു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് ചെരിപ്പ് കടയുടമയും പറഞ്ഞു. ഫാൻസി ഷോപ്പ് ഷെഡിലായതിനാൽ ലൂപ്പിങ് ആയിട്ടാണ് വൈദ്യുതി കണക്ഷനെടുത്തത്.
ഷോർട്ട് സർക്യൂട്ടായിരിക്കാൻ സാധ്യതയുണ്ടെന്ന് സ്ഥലം എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. എന്നാൽ, ഷോർട്ട് സർക്യൂട്ടിനു കാരണങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് കുറ്റ്യാടി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. പ്രാഥമിക പരിശോധനയിൽ സർവിസ് വയർ പൊട്ടിവീണതായി കണ്ടിട്ടില്ല.
ഇലക്ട്രിക്കൽ ഇൻെപക്ടറേറ്റിലെ വിദഗ്ധർ പരിശോധന നടത്തും. ഫോറൻസിക് വിദഗ്ധ സാമ്പ്ൾ ശേഖരിച്ചിട്ടുണ്ട്. ലാബിലേക്ക് പരിശോധനക്ക് അയക്കും. ഡോഗ് സ്ക്വാഡിനും കാരണം കണ്ടെത്താനായിട്ടില്ല.
തീ കെടുത്തിയ അഗ്നിരക്ഷ സേനയും കാരണം അവ്യക്തമാണെന്നാണ് പറഞ്ഞത്. നാദാപുരം ഡിവൈ.എസ്.പി ജേക്കബ്, കുറ്റ്യാടി എസ്.ഐ പി. ഷമീർ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.