കുറ്റ്യാടി: വനമേഖലയിൽപെട്ട പശുക്കടവ് മലയിൽ ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ചെടയൻതോട്ടിലൂടെ മലവെള്ളപ്പാച്ചിൽ ഉണ്ടായി. െചടയൻതോട്ടിലും കടന്തറപ്പുഴയിലും പെട്ടെന്ന് ജലനിരപ്പ് ഉയർന്നത് നാട്ടുകാരെ ഉത്കണ്ഠയിലാക്കി.
രാത്രിയോടെ ജലനിരപ്പ് താഴ്ന്നതോടെയാണ് ആശ്വാസമായത്. കഴിഞ്ഞ ചൊവ്വാഴ്ച ഉരുൾപൊട്ടലുണ്ടായ കുറ്റ്യാടി ചുരം റോഡിലെ മുളവട്ടം, ചാപ്പൻതോട്ടം തുടങ്ങിയയിടങ്ങളിൽ വ്യാഴാഴ്ച ഇ.കെ. വിജയൻ എം.എൽ.എയും സംഘവും സന്ദർശിച്ചിരുന്നു.
അദ്ദേഹവും സംഘവും പൊയിലോഞ്ചാൽ സന്ദർശിച്ച് ഇറങ്ങുമ്പോഴേക്കും ചെറുപുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കുണ്ടാവുകയും ചെയ്തിരുന്നു. ഉൾവനത്തിൽ ഉരുൾപൊട്ടിയതാണെന്ന് നാട്ടുകാർ പറഞ്ഞു.
കാവിലുമ്പാറ പഞ്ചായത്തിൽപെട്ട വള്ളുവൻകുന്നാണ് ഉരുൾപൊട്ടലിെൻറ പ്രഭവസ്ഥാനം. കുന്നിൽ അഞ്ചിടത്താണ് പൊട്ടലുണ്ടായത്. 30 വീടുകൾ ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണിയിലാണെന്നും അവരെ പുനരധിവസിപ്പിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.