കുറ്റ്യാടി ചുരം വഴി വയനാട്ടിലേക്ക് രാത്രി ബസില്ല

കുറ്റ്യാടി: കുറ്റ്യാടി - പക്രന്തളം ചുരം വഴി വയനാട്ടിലേക്ക് രാത്രി എട്ടരക്കു ശേഷം ബസില്ലാത്തത് സ്ഥിരം യാത്രക്കാരെ വലക്കുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രികാല സർവിസ് നടത്തിയിരുന്ന കുറ്റ്യാടി - മാനന്തവാടി ബസും, വടകര- ബാംഗ്ലൂർ സൂപ്പർഫാസ്റ്റ് ബസും ഓട്ടം നിർത്തി. എന്നാൽ സാഹചര്യങ്ങൾ സാധാരണ നിലയിലായിട്ടും സർവിസ് പുനരാരംഭിക്കാതെ രാത്രികാല യാത്രക്കാർക്ക് ദുരിതമായത്. വടകരയിൽ നിന്ന് രാത്രി എട്ടിന് പുറപ്പെടുന്ന ഓർഡിനറി ബസ് ഒമ്പതിന് കുറ്റ്യാടിയിലും ഒമ്പതേ കാലിന് തൊട്ടിൽപാലത്തുമെത്തും.

9.30 നാണ് അവിടെ നിന്ന് മാനന്തവാടിക്കു പുറപ്പെടുക.വയനാട്ടിൽ നിന്ന് വന്ന് കുറ്റ്യാടി, നാദാപുരം മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ ബസ് ആശ്വാസമായിരുന്നു. ബസില്ലാത്തതിനാൽ ഇപ്പോൾ 600 രൂപ നൽകി ഓട്ടോ വിളിച്ചു പോകേണ്ട ഗതിയാണ്.

തൊട്ടിൽപാലത്ത് കെ.എസ്.ആർ.ടി.സി സബ്ഡിപ്പോ ഉണ്ടായിട്ടാണ് തുച്ഛവരുമാനക്കാരുൾപ്പെടെ ഇപ്രകാരം കഷ്ടപ്പെടുന്നത്. ലാസ്റ്റ് ബസ് സുൽത്താൻ ബത്തേരി ഡിപ്പോയുടേതായിരുന്നെന്നും ഇപ്പോഴത് ഓട്ടം ഒന്നര മണിക്കൂർ നേരത്തെയാക്കിയെന്നും യാത്രക്കാർ പറയുന്നു.രാത്രി സർവിസ് നടത്തിയിരുന്ന വടകര- ബംഗളൂരു ബസും ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ജോലിക്കാർക്കും ഏറെ പ്രയോജനകരമായിരുന്നു. അവസാന ബസുകൾ ഇല്ലാതാക്കിയത് നീതീകരിക്കാനാവില്ലെന്നും കുറ്റ്യാടി ചുരം വഴി വയനാട്ടിലേക്ക് യാത്ര ചെയ്യാൻ മറ്റൊരു മാർഗവുമില്ലാത്ത സ്ഥിതിക്ക് നിലവിലുണ്ടായിരുന്ന ബസുകൾ നഷ്ടപ്പെടാതിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും കുറ്റ്യാടി - മാനന്തവാടി പാസഞ്ചേഴ്സ് കൂട്ടയ്മ ആവശ്യപ്പെട്ടു. കെ.ബി. സുജിത്ത് കുമാർ, പി.പി. മഹിജ, ബി.സി. മജീഷ് കുമാർ, എൻ.പി. സുബൈർ, എന്നിവർ സംസാരിച്ചു.

Tags:    
News Summary - no night bus service to Wayanad via Kuttiady Pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.