കുറ്റ്യാടി: വാളൂക്ക് -വിലങ്ങാട് റോഡ് പ്രവൃത്തിക്ക് കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രം നരിപ്പറ്റ കുമ്പളച്ചോലയിൽ തീവെച്ച് നശിപ്പിച്ചു. കരാറുകാരായ കെ.കെ ബിൽഡേഴ്സ് ആൻഡ് കൺസ്ട്രക്ഷൻസിന്റെ മണ്ണുമാന്തിയന്ത്രമാണ് പുലർച്ചെ മൂന്നരക്ക് സൈറ്റ് ഓഫിസിന് സമീപം പറമ്പിൽ നിർത്തിയിട്ടിടത്ത് തീവെച്ചത്.
നാദാപുരത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി തീയണച്ചു. പരാതി പ്രകാരം കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീവെച്ചതാണെന്ന് പരാതിയിൽ പറയുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും നാട്ടുകാർ ആവശ്യപെട്ടു, 48 കോടി രൂപ ചെലവിൽ കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന കുളങ്ങരത്ത്, നമ്പ്യത്താംകുണ്ട്, വാളൂക്ക്, വിലങ്ങാട് റോഡ് പ്രവൃത്തി ആരംഭിക്കാനിരിക്കെയാണ് തീവപ്പെന്നും പറഞ്ഞു. അതിനിടെ ക്യാമ്പ് സൈറ്റിൽ കുഴൽകിണർ സ്ഥാപിക്കുന്നതിനെതിരിലും അന്തർ സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിലും നാട്ടുകാരിൽ ചിലരുമായി തർക്കം നിലനിന്നിരുന്നതായും പറയുന്നു.
കുറ്റ്യാടി: കെ.കെ ബിൽഡേഴ്സിന്റെ കുമ്പളച്ചോലയിലെ ക്യാമ്പ് ഓഫിസിനു സമീപം നിർത്തിയിട്ട ജെ.സി.ബി കത്തിച്ച സംഭവത്തിൽ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തണമെന്ന് ഇ.കെ. വിജയൻ എം.എൽ.എ ആവശ്യപ്പെട്ടു. കിഫ്ബി മുഖേന 48 കോടി ചെലവിൽ റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനു മുന്നേ ഇത്തരത്തിലുള്ള സംഭവം ഉണ്ടായത് നാടിന് അപമാനമാണ്. ഗ്രാമീണ മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെ ഇരുട്ടിന്റെ മറവിൽ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും എം.എൽ.എ അഭ്യർഥിച്ചു.
നാദാപുരം: കുളങ്ങരത്ത്-കുമ്പള ചോല -വാളൂക്ക് റോഡിന്റെ നിർമാണക്കരാർ ഏറ്റെടുത്ത കെ.കെ. ബിൽേഡഴ്സിന്റെ മണ്ണുമാന്തി യന്ത്രം അഗ്നിക്കിരയാക്കിയ സാമൂഹിക ദ്രോഹികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും കമ്പനിക്ക് സ്വതന്ത്രമായി ജോലിചെയ്യാൻ സാഹചര്യം ഒരുക്കണമെന്നും യു.ഡി.എഫ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ടി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സി.കെ. നാണു, ടി.പി.എം. തങ്ങൾ, ടി.പി. വിശ്വനാഥൻ, പി. അരവിന്ദൻ മാസ്റ്റർ, പാലോൽ കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. സംഭവസ്ഥലം യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.