കുറ്റ്യാടി: യുക്രെയ്നിൽ യുദ്ധം രൂക്ഷമായതോടെ രക്ഷപ്പെട്ട് നാട്ടിലേക്ക് പുറപ്പെട്ട മെഡിക്കൽ വിദ്യാർഥികൾ ദുരിതങ്ങൾ താണ്ടി ഒടുവിൽ വീടണഞ്ഞു. വിനിസ്റ്റിയ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർഥികളായ വേളം തീക്കുനി ബി. മുഷ്താഖിന്റെ മകൻ മുഹമ്മദ്, അടുക്കത്ത് കുനിയിൽ അഷ്റഫിന്റെ മകൻ ഫായിസ്, കുറ്റ്യാടി പൂളത്തറ നാരായണന്റെ മകൻ ആദർശ് എന്നിവരാണ് നീണ്ട പലായനത്തിനൊടുവിൽ നാടണഞ്ഞത്.
രണ്ടാഴ്ച മുമ്പാണ് കോളജ് അടച്ചതായി വിവരം ലഭിച്ചതെന്ന് സഹൽ പറഞ്ഞു. ഇതോടെ താമസസ്ഥലത്തുനിന്ന് ഇറങ്ങാതെയായി. കുടിവെള്ളം കിട്ടാതായതോടെ കടകളിൽനിന്ന് സോഡവെള്ളം വാങ്ങി കഴിച്ചുകൂട്ടി. അതും തീർന്നതോടെ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ടു. രക്ഷപ്പെട്ട് അതിർത്തി കടക്കാനായിരുന്നു നിർദേശം. ഇതോടെ നാൽപത്തഞ്ചു പേർ ഒരു രാവിലെ 10ന് ഒരു ബസിൽ കയറി. എന്നാൽ, പുറപ്പെടാനിരിക്കെ കൂടുതൽ വാടക ലഭിച്ചതിനാൽ ഇറക്കിവിട്ട് മറ്റൊരു സംഘത്തെ കൊണ്ടുപോയി. രാത്രി മറ്റൊരു ബസ് കിട്ടി. 15 കിലോ മീറ്റർ ഓടിയ ശേഷം ബ്രേക്ക് പോയി. റോഡിലൂടെ ഉക്രെയ്നിന്റെ റോക്കറ്റ് ലോഞ്ചറുകൾ പോകുന്നത് കണ്ടു. പിന്നാലെ വന്ന മറ്റൊരു ബസിലെ ആളുകൾ ബസ് നന്നാക്കി. എന്നാൽ, തുടർന്നും നൂറ് കണക്കിൽ വാഹനങ്ങളുടെ നീണ്ട നിര കാരണം ബസിന് മുന്നോട്ടു പോകാനായില്ല. ഇതോടെ അതിർത്തിയിലേക്ക് നടക്കാനായി നിർദേശം.13 കിലോമീറ്റർ ബാക്കിയുണ്ട്. ലഗേജും മറ്റുമായി നടക്കാൻ തുടങ്ങി. അവശരായി അതിർത്തിയിലെത്തിയപ്പോൾ പട്ടാളം കടത്തിവിടുന്നില്ല. പലായനം ചെയ്യുന്ന കൂട്ടത്തിൽ ഭൂരിഭാഗവും ഉക്രെയ്ൻ വനിതകളാണ്. അവരുടെ പുരുഷൻമാരെ വിടുന്നില്ല.
വിദേശികളെയും പരിമിതമായേ വിടുന്നുള്ളൂ. ഇതോടെ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് അതിർത്തി കടക്കുകയായിരുന്നു. റുമേനിയയിൽ എത്തിയപ്പോൾ വലിയ പരിഗണന ലഭിച്ചു.
റെഡ്ക്രോസിന്റെയും മറ്റും ആഭിമുഖ്യത്തിൽ സ്വീകരിച്ചു. ഭക്ഷണവും പഴവും ലഭിച്ചു. എല്ലാവർക്കും മൊബൈൽ സിം കാർഡ് കൊടുത്തു. പിന്നീട് ഒരു ബസും വാനും വന്നു. നാലംഗ സംഘത്തിലുണ്ടായിരുന്ന വേളത്തെ ഫായിസിന് ഒരു ദിവസം മുമ്പെ നാട്ടിലെത്താനായി. വ്യാഴാഴ്ച രാത്രി ഡൽഹി വഴി നെടുമ്പാശ്ശേരിയിൽ എത്തിയ ഫായിസ്, സഹൽ, ആദർശ് എന്നിവർ വെള്ളിയാഴ്ച പുലർച്ചയാണ് നോർക്കയുടെ ബസിൽ വടകരയിലെത്തിയത്.
കുറ്റ്യാടി: യുക്രെയ്നിൽ യുദ്ധം രൂക്ഷമായതോടെ രക്ഷപ്പെട്ട് നാട്ടിലേക്ക് പുറപ്പെട്ട മെഡിക്കൽ വിദ്യാർഥികളിൽ വിനിസ്റ്റിയ മെഡിക്കൽ യൂനിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥി തളീക്കര കൂട്ടൂർ കുളങ്ങരത്ത് അബ്ദുല്ലയുടെ മകൻ അഫ്‍ലഹ് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തി. ഒരാഴ്ചയോളം റുമേനിയയിലെ അഭയകേന്ദ്രത്തിലായിരുന്നു. എയർ ഫോഴ്സിന്റെ വിമാനത്തിലാണ് ഡൽഹിയിലെത്തിയതെന്ന് അഫ്‍ലഹ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് നാട്ടിൽനിന്ന് പോയത്.
കുറ്റ്യാടി വായാട്ട് എൻ.പി. അബ്ദുറഹീമിന്റെ മകൾ സാനിയ, അടുക്കത്ത് മുണ്ടക്കുറ്റി എം.കെ. ഫൈസലിന്റെ മകൾ റാനിയ, പാലേരി കുന്നത്ത് അബ്ദുൽ ഗഫൂറിന്റെ മകൾ ഫിദ ഷെറിൻ എന്നിവർ വെള്ളിയാഴ്ച രാത്രി വീട്ടിലെത്തി. ഡൽഹിയിൽനിന്ന് നെടുമ്പാശ്ശേരിയാണ് അവർ ഇറങ്ങിയത്. കോഴിക്കോട്ടേക്ക് നോർക്കയുടെ ബസ് കിട്ടി. കഴിഞ്ഞ ഡിസംബറിൽ ഏജൻസി വഴിയാണ് ഇവർ വിനിസ്റ്റിയ മെഡിക്കൽ കോളജിൽ പോയി ചേർന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ യുക്രെയ്നിൽനിന്ന് പുറപ്പെട്ടത്. റുമേനിയ വഴി ഡൽഹിയിലേക്ക് പോന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.