കുറ്റ്യാടി: തിങ്കളാഴ്ച അർധരാത്രി തകർന്ന കുറ്റ്യാടി വലതുകര മെയിൻകനാൽ താൽക്കാലികമായി പുനഃസ്ഥാപിക്കാൻ അടിയന്തര അറ്റകുറ്റപ്പണിക്ക് കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ തീരുമാനം. ബുധനാഴ്ച രാവിലെ റവന്യൂ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും ഗ്രാമപഞ്ചായത്ത് ഭാരവാഹികളുടെയും യോഗത്തിലാണ് ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി നടത്താൻ തീരുമാനമെടുത്തത്. ഇതിന് 20 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് ജലസേചന വകുപ്പ് സമർപ്പിച്ചു. മഴക്കു മുമ്പ് പണി തീർക്കേണ്ടതിനാൽ സഹകരണരംഗത്ത് പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ പ്രവൃത്തി ഏൽപിക്കാനും ധാരണയായതായാണ് അറിയുന്നത്.
തകർന്ന കനാൽഭിത്തി പുനഃസ്ഥാപിക്കൽ മഴക്കുമുമ്പ് തീർക്കാൻ കഴിയാത്തതിനാൽ പൈപ്പുകൾ സ്ഥാപിച്ച് ജലവിതരണം പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയാണ് ജലസേചന വകുപ്പ് സമർപ്പിച്ച പ്രൊപ്പോസലിലുള്ളത് എന്നറിയുന്നു. ദുരന്തനിവാരണ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തുക എന്നും ബന്ധപ്പെട്ടവർ പറഞ്ഞു. കനാൽ തകർന്നതിനാൽ വലതുകര മെയിൻകനാൽ വഴിയുള്ള ജലവിതരണം പൂർണമായും നിർത്തിയിരിക്കുകയാണ്. വടകര താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും വടകര മുനിസിപ്പാലിറ്റിയിലും കൃഷിക്കും ജലസേചനത്തിനും ആശ്രയമായ കനാൽ പൂട്ടിയതോടെ താലൂക്ക് വരൾച്ചാഭീഷണിയിലാണ്.
യോഗത്തിൽ കലക്ടർ തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി കലക്ടർ അനിതകുമാരി, വടകര തഹസിൽദാർ കെ.കെ. പ്രസിൽ, ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ, ജലസേചന വകുപ്പ് സൂപ്രണ്ടിങ് എൻജിനീയർ എസ്.കെ. രമേശൻ, എക്സി. എൻജിനീയർ ജയരാജൻ കണിയേരി, അസി. എക്സി എൻജിനീയർ സിബി, മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.