തിരുവമ്പാടി: മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായ മുത്തപ്പൻ പുഴക്കടുത്ത മറിപ്പുഴയിൽ ആശങ്ക. മേലെ മറിപ്പുഴയിലെ വനത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് ഉരുൾപൊട്ടലുണ്ടായത്. ചെങ്കുത്തായ മലയുടെ ഭാഗം മണ്ണിടിച്ചിലുണ്ടായി താഴേക്ക് ഒഴുകുകയായിരുന്നു. മണ്ണടിഞ്ഞത് കാരണം പുഴയുടെ ഒഴുക്ക് നിലച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് തടസ്സം നീങ്ങി പുഴ ഒഴുകാൻ തുടങ്ങിയത്. ഉരുൾപൊട്ടലല്ല, മണ്ണിടിച്ചിലാണ് ഉണ്ടായതെന്നാണ് ബുധനാഴ്ച സ്ഥലം സന്ദർശിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.
വനത്തിലാണ് വൻ മണ്ണിടിച്ചിലുണ്ടായതെങ്കിലും കൃഷിയിടങ്ങൾ ഉൾപ്പെടെയുള്ള ജനവാസ മേഖലയാണ് മറിപ്പുഴ. ജില്ലയിലെ പ്രകൃതിദുരന്ത സാധ്യത പ്രദേശങ്ങളിലൊന്നാണിത്. 2012 ആഗസ്റ്റ് ആറിന് എട്ടുപേരുടെ മരണത്തിനിടയാക്കിയ പുല്ലൂരാംപാറ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ ചെറുശ്ശേരിമലയുടെ ഏതാനും കി.മീ. അകലെയാണ് മേലെ മറിപ്പുഴ. വെള്ളരിമലയുടെ താഴ്വാരമാണ് കോഴിക്കോട്-വയനാട് ജില്ല അതിർത്തിയോട് ചേർന്നിരിക്കുന്ന പ്രദേശം.
വയനാട്ടിലേക്കുള്ള നിർദിഷ്ട ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ആരംഭിക്കുന്നത് മേലെ മറിപ്പുഴക്ക് സമീപമാണ്. പാരിസ്ഥിതിക പ്രശ്നങ്ങളുള്ളതിനാൽ മേഖലയിലെ തുരങ്കനിർമാണം അശാസ്ത്രീയമാണെന്നാണ് പരിസ്ഥിതി സംഘടനകളുടെ നിലപാട്. മനുഷ്യരുടെ ജീവനും ജീവിതോപാധിയും പ്രധാനമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.