നാദാപുരം: അജ്ഞാതന്റെ ശല്യപ്പെടുത്തലിൽ ഭയന്ന് ചേലക്കാട് പ്രദേശത്തുകാർ. കഴിഞ്ഞ അഞ്ചു ദിവസമായി പുരുഷന്മാരില്ലാത്ത വീടുകളിലെത്തിയാണ് രാത്രിയിൽ അജ്ഞാതനായ യുവാവ് പരാക്രമം നടത്തുന്നത്. ഇതേ തുടർന്ന് നാട്ടുകാരുടെ പ്രത്യേക സ്ക്വാഡുകൾ രൂപവത്കരിച്ച് വിവിധ സ്ഥലങ്ങളിൽ കാവൽ നടപടികൾ തുടങ്ങി. നരിപ്പറ്റ റോഡിലെ വീട്ടിലാണ് ആദ്യ സംഭവം നടന്നത്.
മാതാവും മകന്റെ ഭാര്യയും മാത്രമുള്ള വീട്ടിൽ പാതിരാത്രിയിൽ കയറിയ ഇയാൾ സ്ത്രീയെ അപകടപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
ഇതിനിടയിലാണ് പിറ്റേദിവസം തൊട്ടടുത്തുള്ള മറ്റൊരു വീട്ടിനുള്ളിൽ കയറി സ്ത്രീയുടെ കൈയിൽനിന്നും മൊബൈൽ തട്ടിപ്പറിച്ച സംഭവം ഉണ്ടാകുന്നത്. അന്നുതന്നെ ചേലക്കാട്ടെ വാടക ക്വാർട്ടേഴ്സിന് സമീപത്ത് ഒളിച്ചിരിക്കുകയായിരുന്ന അജ്ഞാതനെ താമസക്കാർ കണ്ടെങ്കിലും നാട്ടുകാർ ഓടിയെത്തി തിരച്ചിൽ നടത്തുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. പുരുഷന്മാരില്ലാത്ത പല വീടുകളിലും സമാന രീതിയിൽ കതകിനും വാതിലിനും മുട്ടൽ പതിവായതായി നാട്ടുകാർ പറയുന്നു. സംഭവം നാട്ടിൽ ഏറെ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
അജ്ഞാതന്റെ രാത്രികാല സാന്നിധ്യം നാട്ടിൽ പ്രചരിച്ചതോടെ നിരവധി വീട്ടുകാർ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയതായി വാർഡ് മെംബർ എം.സി. സുബൈർ പറഞ്ഞു.
രാത്രികാല നിരീക്ഷണത്തിലൂടെ ഇയാളെ കണ്ടെത്താൻ നാട്ടുകാർ രംഗത്തിറങ്ങിയിരിക്കുകയാണ്. സ്ഥലത്ത് പൊലീസിന്റെ പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. നേരത്തേ ഇയാളുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലത്തുനിന്നും വിരലടയാള സാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.