കോഴിക്കോട്: വളരുന്ന നഗരത്തിൽ ലോറികൾ നിർത്താൻ നിലവിലുള്ള ലോറിസ്റ്റാൻഡിന് പുറമെ കൂടുതൽ സൗകര്യങ്ങളുണ്ടാക്കണമെന്ന ആവശ്യം യാഥാർഥ്യമാവാതെ തുടരുന്നു. 1968ൽ പി. കുട്ടികൃഷ്ണൻ നായർ മേയറായിരിക്കെ ഗതാഗത മന്ത്രി ഇ.കെ. ഇമ്പിച്ചിബാവ ഉദ്ഘാടനം ചെയ്ത ലോറിസ്റ്റാൻഡിൽ ഇപ്പോൾ ഇഞ്ച് പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.
വലിയങ്ങാടിയിലും പരിസരത്തുമെത്തുന്ന ലോറികൾ നിർത്താൻ സൗകര്യമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നതായാണ് ജീവനക്കാരുടെയും ഉടമകളുടെയും വ്യാപാരികളുടെയും പരാതി. ലോറികൾ നിർത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വലിയങ്ങാടിയിലടക്കം ലോറികൾ കുറഞ്ഞു.
ഇതുകാരണം കച്ചവടക്കാർ, കയറ്റിറക്ക് തൊഴിലാളികൾ, ലോറി ഡ്രൈവർമാർ ക്ലീനർമാർ, ഏജന്‍റുമാർ എന്നിവർ കഷ്ടപ്പെടുന്നു. മതിയായ സൗകര്യത്തോടുകൂടിയ പാർക്കിങ് ഹബ് നിർമിച്ചുനൽണമെന്നാണ് ലോറിയുടമകളുടെ ആവശ്യം.
ഈ ആവശ്യമുന്നയിച്ച് ലോറിയുടമകളുടെയും ഏജന്‍റുമാരുടെയും തൊഴിലാളികളുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ ലോറി പാർക്കിങ് സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം അധികാരികളെ കണ്ടിരുന്നു.
എന്നാൽ, നഗരത്തിൽ ലോറികൾ നിർത്താനുള്ള സ്ഥലം കണ്ടെത്തിയാൽ സ്റ്റാൻഡ് നിർമിക്കാമെന്നാണ് അധികാരികളുടെ നിലപാട്. ലോറികൾ നിർത്തുന്നതുമായി ബന്ധപ്പെട്ട് പലതവണ പ്രശ്നങ്ങളുണ്ടായിരുന്നു. സൗത്ത് ബീച്ചിൽ ലോറി നിർത്തുന്നതിനെതിരെ പ്രക്ഷോഭമുയരുകയും അവിടെ വണ്ടി നിർത്തുന്നത് അനധികൃതമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പകരം സ്ഥലമില്ലാതെ ഒടുവിൽ സൗത്ത് ബീച്ചിൽ തന്നെ അത് തിരിച്ചെത്തിയിരിക്കുകയാണ്. കടപ്പുറത്ത് പോർട്ട് ഓഫിസിന്‍റെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്തും വെസ്റ്റ്ഹിൽ ചുങ്കത്തും മീഞ്ചന്തയിലുമെല്ലാം ലോറികൾ നിറത്തുന്നകാര്യം കോർപറേഷൻ ആലോചിച്ചിരുന്നു.
പ്രദേശവാസികൾ എല്ലായിടത്തും എതിർപ്പുയർത്തി. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ ലോറിയുമായി തങ്ങുന്നത് നാട്ടുകാർ പ്രോത്സാഹിപ്പിക്കാത്തതാണ് മുഖ്യപ്രശ്നം.
ലോറി നിർത്തുകയും തിരിക്കുകയും ചെയ്യുന്നതോടെ ഗതാഗതക്കുരുക്കിനൊപ്പം സ്വൈരജീവിതവും തടസ്സപ്പെടുന്നുവെന്നാണ് പരാതി. മദ്യവിൽപനയും മയക്കുമരുന്ന് -പുകയില ഉപയോഗവും ലോറി നിർത്തിയിടുന്നതിന്‍റെ മറവിൽ വ്യാപകമാവുന്നെന്നും പരാതിയുണ്ട്.
സൗത്ത് ബീച്ചിൽ റോഡിൽ നിർത്തുന്നത് തടഞ്ഞ് പകരം പോർട്ടിന്‍റെ വളപ്പിൽ 60 ലോറികൾക്കെങ്കിലും സൗകര്യമൊരുക്കാനാവുമെന്ന് നഗരസഭ ആലോചിച്ചിരുന്നു. വലിയങ്ങാടിയിലേക്ക് വരുന്ന ലോറികൾ കോതിക്കും സൗത്ത് ബീച്ചിനുമിടയിൽ റോഡിൽ നിർത്തിയിടുന്നത് പതിവാണ്.
സൗത്ത് ബീച്ചിലെ ലോറി സ്റ്റാൻഡ് തോപ്പയിലേക്ക് മാറ്റാനും സ്ഥലമൊരുക്കാന്‍ 1.9 ലക്ഷം രൂപ നീക്കിവെക്കാനും കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, സ്റ്റാൻഡ് വെള്ളയിൽ തോപ്പയിലേക്ക് മാറ്റുന്നതിനെതിരെ നോർത്ത് ബീച്ച് സംരക്ഷണസമിതി ആഭിമുഖ്യത്തിൽ പ്രതിഷേധം തുടങ്ങി.
നിലവിൽ സ്റ്റാൻഡ് നിൽക്കുന്നയിടത്തേക്കാൾ പത്തിരട്ടി ജനസാന്ദ്രതയുള്ള സ്ഥലത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രക്ഷോഭം. ഏറ്റവുമൊടുവിൽ ലോറി സ്റ്റാൻഡ് അനുവദിക്കാൻ തീരുമാനിച്ച മീഞ്ചന്തയിലെ സ്ഥലത്ത് ബസ് സ്റ്റാൻഡ് പണിയാനാണ് കോർപറേഷനെടുത്ത തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.