കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെയും പരിസരപ്രദേശങ്ങളിലെയും 45 വയസ്സിനു മുകളിലുള്ള ഭൂരിഭാഗം പേർക്കും കോവിഡ് പ്രതിരോധ വാക്സിൻ ഒരു ഡോസ് എങ്കിലും ലഭ്യമായി. ആശുപത്രിയിൽ നടക്കുന്ന മെഗാ വാക്സിനേഷൻ ക്യാമ്പിലൂടെയാണ് ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലെയും ആളുകൾക്ക് വാക്സിൻ ലഭ്യമാക്കിയത്.
ആശുപത്രിക്കു സമീപത്തുള്ള ഏഴു വാർഡുകളെക്കൂടി പരിഗണിച്ചാണ് വാക്സിനേഷൻ ക്രമീകരിച്ചതെന്ന് നോഡൽ ഓഫിസർ ഡോ. ബിന്ദു പറഞ്ഞു. ആശുപത്രിക്ക് വാക്സിൻ ലഭ്യമായപ്പോൾതന്നെ ആരോഗ്യപ്രവർത്തകർക്കൊപ്പം സമീപ പ്രദേശങ്ങളിലെ സാധാരണക്കാരായ ആളുകളെയും വാക്സിൻ രജിസ്ട്രേഷന് സാധിക്കാത്ത ആളുകളെയും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കണ്ടെത്തി സ്പോട്ട് രജിസ്ട്രേഷൻ വഴി വാക്സിൻ ലഭ്യമാക്കിയിരുന്നു.
മെഡിക്കൽ കോളജ് പരിസരത്തെ എല്ലാ കച്ചവട സ്ഥാപനങ്ങളിലെയും തൊഴിലാളികൾ, തെരുവോര കച്ചവടക്കാരും തൊഴിലാളികളും, ചുമട്ടുതൊഴിലാളികൾ, റോഡിൽ അലഞ്ഞുതിരിയുന്നവർ ഉൾപ്പെടെയുള്ളവരെ ആദ്യ ഘട്ടത്തിൽതന്നെ വാക്സിനേറ്റ് ചെയ്തു. പിന്നീടാണ് സമീപ പ്രദേശത്തെ വാർഡുകളിലുള്ളവർക്ക് സ്പോട്ട് രജിസ്ട്രേഷനുള്ള സ്ലോട്ടുകൾ വീതിച്ചുനൽകിയത്. ഓരോ ദിവസവും ലഭ്യമാകുന്ന വാക്സിൻ അനുസരിച്ച് സ്പോട്ട് രജിസ്ട്രേഷനുള്ള സ്ലോട്ടുകൾ ഓരോ വാർഡിലേക്കും ദിവസങ്ങൾവെച്ച് വീതിച്ചുനൽകുകയാണ്.
കൗൺസിലർമാർ അവരവരുടെ വാർഡിൽനിന്ന് സ്പോട്ട് രജിസ്ട്രേഷനുള്ളവരുടെ പട്ടിക മെഡിക്കൽ കോളജ് അധികൃതർക്ക് കൈമാറും. അടുത്ത ദിവസം ഈ പട്ടിക പ്രകാരമാണ് ആളുകളെ വാക്സിനായി വിളിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഓരോ വാർഡിൽനിന്നും 20-30 പേരെ വീതം സ്പോട്ട് രജിസ്ട്രേഷൻ വഴി വാക്സിനേറ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന് കൗൺസിലർമാർ പറയുന്നു. ഇതു കൂടാതെ ടാഗോർ ഹാളിലും മറ്റ് പി.എച്ച്.സികളിലുമായി വാക്സിനേഷനിലും ആളുകൾ പങ്കെടുക്കുന്നുണ്ട്.
വാക്സിനേഷൻ ഡ്രൈവ് കൂടിയായതോടെ 60 വയസ്സിനു മുകളിലുള്ള 99 ശതമാനം പേർക്കും വാക്സിൻ ലഭ്യമായിട്ടുണ്ട്. 45 വയസ്സിനു മുകളിലെ 80 ശതമാനം പേർക്കും വാക്സിൻ നൽകാനായി. രണ്ടാം ഡോസിന് സമയമാകാത്തവർ, കോവിഡ് വന്ന് 90 ദിവസം കഴിയാത്തവർ തുടങ്ങി ചെറിയ സംഘത്തിനു മാത്രമേ വാക്സിൻ ലഭിക്കാത്തതുള്ളൂവെന്നും കൗൺസിലർമാർ പറയുന്നു. ഇനി 18-45 പ്രായക്കാർക്കുകൂടി ഇതുപോലെ വാക്സിൻ ലഭ്യമാക്കണമെന്നതാണ് കൗൺസിലർമാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.