ഹൂതി വിമതർ വിട്ടയച്ച മേപ്പയൂർ സ്വദേശി ദിപാഷ് (ഇടത്തുനിന്ന് മൂന്നാമത്) സഹപ്രവർത്തകർക്കൊപ്പം

ഹൂതി വിമതരുടെ പിടിയിൽനിന്ന് ദിപാഷിന് മോചനം; ആനന്ദക്കണ്ണീർ പൊഴിച്ച് മാതാപിതാക്കൾ

മേപ്പയൂർ: നാലു മാസത്തെ ഊണും ഉറക്കവും ഒഴിഞ്ഞുള്ള കാത്തിരിപ്പിനൊടുവിൽ മേപ്പയൂർ വിളയാട്ടൂരിലെ വീട്ടിൽ ആ സന്തോഷ വാർത്തയെത്തി. മകൻ ഹൂതി വിമതരുടെ പിടിയിൽനിന്ന് മോചിതനായിരിക്കുന്നു. ശുഭവാർത്ത വീട്ടുകാരെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. മേപ്പയൂർ വിളയാട്ടൂരിലെ മുട്ടപറമ്പിൽ കേളപ്പൻ-ദേവി ദമ്പതികളുടെ മകനായ ദിപാഷ് യു.എ.ഇ ചരക്കുകപ്പലിലെ ജീവനക്കാരനായിരുന്നു.

ഈ കപ്പൽ തട്ടിയെടുത്താണ് ഹൂതി വിമതർ ഇദ്ദേഹത്തെ ഉൾപ്പെടെ 11 ഇന്ത്യക്കാരെ ബന്ദിയാക്കിയത്. യമന്റെ പടിഞ്ഞാറൻ തീരമായ അൽ ഹുദക്ക് സമീപത്തുനിന്നാണ് ദിപാഷ് ജോലി ചെയ്യുന്ന റാബിയെന്ന കപ്പൽ ജനുവരിയിൽ തട്ടിയെടുത്തത്. ആലപ്പുഴ ഏവുർ സ്വദേശി അഖിൽ, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നീ മലയാളികളും ബന്ദികളായിരുന്നു.

ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് ദിപാഷ് ഉൾപ്പെടെ മോചിപ്പിക്കപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്. മാതാപിതാക്കളെ കൂടാതെ വിവാഹിതരായ രണ്ട് സഹോദരികളും ദിപാഷിനുണ്ട്. ഇവരും മറ്റു ബന്ധുക്കളും നാട്ടുകാരുമെല്ലാം യുവാവിന്റെ മോചനത്തിൽ അതിയായ സന്തോഷത്തിലാണ്. ഞായറാഴ്ച വൈകീട്ടോടെ ദിപാഷ് ഫോണിൽ അച്ഛനമ്മമാരോട് സംസാരിച്ചു. മോചനം സാധ്യമായെങ്കിലും നാട്ടിലെത്താൻ ദിവസങ്ങൾ കഴിയുമെന്നാണ് അറിയുന്നത്. ടി.പി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ യുവാവിന്റെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചിരുന്നു.

Tags:    
News Summary - Dipash released; Parents shed tears of joy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.