മേപ്പയൂർ: മേപ്പയൂർ പഞ്ചായത്ത് മുസ്‍ലിം ലീഗിലെ ഭിന്നതയെ തുടർന്ന് മുൻ എം.എൽ.എ എ.വി. അബ്ദുറഹിമാൻ ഹാജി അനുസ്മരണപരിപാടി നിർത്തിവെച്ചു. രണ്ട് തവണ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിലുണ്ടായ തർക്കം കൈയാങ്കളി വരെയെത്തി.
2014ൽ മേപ്പയൂർ സലഫി കോളജിലെ നാല് ബസുകൾ കത്തിച്ച കേസിൽ അന്നത്തെ രണ്ട് എം.എസ്.എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവർ നിരപരാധികളാണെന്നും അവരെ രക്ഷിക്കാൻ മുസ്‍ലിം ലീഗ് നേതൃത്വം ഇടപെട്ടില്ലെന്നും ആരോപിച്ച് അന്നേ വിഭാഗീയത തുടങ്ങിയിരുന്നു.
കേസിൽ അകപ്പെട്ടവരെ ഇപ്പോഴും പൊലീസ് വേട്ടയാടുകയാണെന്നും അവരെ സംരക്ഷിക്കാൻ നേതൃത്വം ഒരു നടപടിയും സ്വീകരിക്കാത്തതുകൊണ്ട് പാർട്ടി പരിപാടികളുമായി സഹകരിക്കില്ലെന്നാണ് ഇവർ പറയുന്നത്. ഒമ്പത് വർഷമായിട്ടും ഈ കേസിൽ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല.
മുസ്‍ലിം ലീഗിന് സ്വാധീനമുള്ള കോളജ് മാനേജ്മെന്റ് ഒന്നുകിൽ കേസന്വേഷണം ഊർജിതമാക്കാൻ സമർദംചെലുത്തണമെന്നും അതല്ലെങ്കിൽ കേസ് പിൻവലിക്കാൻ തയാറാവണം എന്നീ ആവശ്യങ്ങളാണ് വിമതവിഭാഗം ഉയർത്തുന്നത്.
ഭിന്നത രൂക്ഷമായതിനെ തുടർന്ന് മേപ്പയൂരിൽ പാർട്ടി പ്രവർത്തനം നിശ്ചലമായ അവസ്ഥയാണ്. ഒക്ടോബർ 27ന് ആണ് അനുസ്മരണം നടത്താൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുസ്‍ലിം ലീഗിന്റെ സീനിയർ നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനം.
എന്നാൽ, ശക്തമായ അഭിപ്രായഭിന്നതയെ തുടർന്ന് മേൽ കമ്മിറ്റിയിൽനിന്ന് വി.വി.എം. ബഷീർ, ടി.കെ.എ. ലത്തീഫ് എന്നിവർ പങ്കെടുത്ത മുസ്‍ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് ഒക്ടോബർ 27ന് നടത്താൻ തീരുമാനിച്ചിരുന്ന അനുസ്മരണപരിപാടി നിർത്തിവെക്കാൻ തീരുമാനമായത്.
ഒരു പ്രാദേശിക തർക്കത്തിന്റെ പേരിൽ ലീഗിന്റെ സംസ്ഥാനത്തെ സമുന്നത നേതാവായിരുന്ന എ.വി. അബ്ദുറഹിമാൻ ഹാജിയുടെ അനുസ്മരണപരിപാടി നിർത്തിവെച്ചത് എ.വിയെ സ്നേഹിക്കുന്ന വലിയവിഭാഗം പാർട്ടി പ്രവർത്തകരിൽ നിരാശയും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്.
എ.വിയുടെ ഓർമ നിലനിർത്താൻ ശ്രദ്ധേയമായ ഒരു കാൽവെപ്പും മേപ്പയൂരിലെ മുസ്‍ലിം ലീഗ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന ആരോപണവും ചിലർ ഉയർത്തുന്നുണ്ട്. 2005ൽ അന്തരിച്ച നേതാവിന്റെ അനുസ്മരണ പരിപാടി 2014 നടന്ന സലഫി കോളജിന്റെ വാഹനങ്ങൾ കത്തിച്ച കേസുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്ത് നിർത്തിവെക്കുന്നത് നീതീകരിക്കാൻ കഴിയാത്ത പ്രവൃത്തിയാണെന്നാണ് എ.വിയെ സ്നേഹിക്കുന്നവർ പറയുന്നത്.
വിഭാഗീയത കത്തിനിൽക്കുമ്പോളും അത് പരിഹരിക്കാനുള്ള കാര്യക്ഷമമായ ഒരു ഇടപെടലും മണ്ഡലം-ജില്ല നേതൃത്വങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന പരാതിയും അണികൾക്കിടയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.