മേപ്പയൂർ : ‘ജനിച്ചുവളർന്ന നാടാണിത്. മരിക്കുവോളം ഇവിടെ സ്വൈരവും സമാധാനവുമായി ജീവിക്കണം. എന്നാൽ, ഇന്ന് ആ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. ഒന്നുറങ്ങാൻ പോലും കഴിയാത്ത അവസ്ഥ.
കഷ്ടപ്പെട്ടുണ്ടാക്കിയ വീടുകൾ തകരുന്നു. പൊടി കാരണം കുട്ടികൾ ഉൾപ്പെടെ രോഗികളാണ്. ഞങ്ങളെ നിത്യരോഗികളാക്കി ജീവിതം തകർത്തിട്ടുവേണോ വികസനം?’ തങ്കമല ക്വാറിക്കും ക്രഷറിനും സമീപത്തെ താമസക്കാരുടെ ചോദ്യമാണ്. തുറയൂർ, കീഴരിയൂർ പഞ്ചായത്തുകളിലായി 50ഓളം കുടുംബങ്ങളാണ് ഈ ക്വാറിക്ക് ചുറ്റിലുമുള്ളത്. പലരുടെ വീടുകളും ക്വാറിയിൽനിന്ന് 50 മീറ്റർ പോലും അകലമില്ല. ക്രഷറിൽനിന്നുള്ള ശബ്ദം കാരണം വീട്ടിൽനിന്ന് പരസ്പരം സംസാരിച്ചാൽപോലും കേൾക്കാത്ത അവസ്ഥയാണ്. വീട്ടിൽ ഒരു മരണം നടന്നപ്പോൾ അവിടെനിന്നുള്ള നിലവിളിപോലും അയൽവീട്ടുകാർ കേട്ടില്ല.
പൊടിശല്യം കാരണം വീട് നിത്യേന നാലും അഞ്ചും പ്രാവശ്യം അടിച്ചുവാരണം- വീട്ടമ്മമാർ പറയുന്നു. പൊടിയും ശബ്ദവും കാരണം ഗർഭിണികളെയും ചെറിയ കുട്ടികളെയും ഇവിടെ താമസിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്. കുട്ടികൾക്ക് സ്വൈരമായി പഠിക്കാനും കഴിയുന്നില്ല. ക്വാറിയിൽ സ്ഫോടനം നടക്കുമ്പോൾ വീട് കുലുങ്ങുന്നതായി അനുഭവപ്പെടും. ചില വീടുകളുടെ ചുമരിന് വിള്ളൽ വീണു.
ജനലിന്റെ ഗ്ലാസ് തകർന്നു. തുറയൂർ പഞ്ചായത്തിലെ ചേണിക്കണ്ടി മീത്തൽ നാരായണൻ, ചേണിക്കണ്ടി മൊയ്തീൻ, കേളോത്തുകണ്ടി കുഞ്ഞയിഷ, പി. പി. മൊയ്തീൻ. സൂപ്പി കേളോത്തുകണ്ടി, കേളോത്തുകണ്ടി അമ്മത്, കീഴരിയൂർ പഞ്ചായത്തിലെ ആറന്നം കണ്ടി മീത്തൽ പ്രദീപൻ, നാലാം വീട്ടിൽ അജീഷ്, കുന്നുംപുറത്ത് ഭാസ്കരൻ, കുന്നുംപുറത്ത് സുരേന്ദ്രൻ, മലയിൽ രജീഷ് തുടങ്ങി നിരവധി കുടുംബങ്ങളാണ് ക്വാറി, ക്രഷർ ദുരിതം പേറി ജീവിക്കുന്നത്.
തുടക്കത്തിൽ പെയ്ത മഴയിൽ ക്രഷറിനു സമീപം സൂക്ഷിച്ചുവെച്ച മെറ്റൽ ഉൾപ്പെടെ ചേണിക്കണ്ടി താഴേക്കാണ് ഒലിച്ചിറങ്ങിയത്. നാരായണൻ, മൊയ്തീൻ എന്നിവരുടെ വീട്ടുമുറ്റത്തുവരെ മെറ്റൽ ഉൾപ്പെടെ ക്വാറി മാലിന്യം ഒലിച്ചിറങ്ങി. നാരായണൻ, കുഞ്ഞയിഷ എന്നിവരുടെ വീടിന്റെ ചുമരുകൾക്ക് വിള്ളൽ സംഭവിച്ചിട്ടുണ്ട്. പി.പി. മൊയ്തീന്റെ ജനൽ ഗ്ലാസ് സ്ഫോടനഫലമായി തകർന്നു. കേളോത്ത് കണ്ടി അമ്മതും കുടുംബവും താമസിക്കുന്ന വീട് ക്രഷറിനും ക്വാറിക്കും തൊട്ടടുത്താണ്. വെടിമരുന്ന് സൂക്ഷിച്ച കേന്ദ്രവും വീടിന്റെ ഏറ്റവും അടുത്താണ്. ആറു മീറ്ററിലധികം മേൽമണ്ണ് നീക്കിയാണ് പാറ ഖനനം നടത്തുന്നത്. ഈ മണ്ണും കല്ലും മഴയിൽ ഒലിച്ചുവന്ന് അപകടമുണ്ടാകുമോ എന്ന ഭയപ്പാടും നാട്ടുകാർക്കുണ്ട്.
മഴ പെയ്തതോടെ ക്വാറി വലിയ കുളമായിരിക്കുകയാണ്. രാസവസ്തുക്കൾ കലർന്ന ഈ വെള്ളം മോട്ടോർവെച്ച് അടിച്ചു വറ്റിക്കുമ്പോൾ അത് താഴ്വാരത്തെ ജലസ്രോതസ്സുകളിലുൾപ്പെടെ എത്തുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.
മലയിൽ ടാർ മിക്സിങ് ലായനി നിർമിക്കുന്ന കേന്ദ്രം സ്ഥാപിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഇതുകൂടി യാഥാർഥ്യമായാൽ ജനങ്ങളുടെ ദുരിതം വർധിക്കും. ഇതിൽനിന്നുള്ള മാലിന്യവും താഴേക്ക് ഒലിച്ചിറങ്ങുന്നതോടെ ദുരിതം ഇരട്ടിയാകും.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.