മേപ്പയ്യൂർ: പുലപ്രമലയിൽ സ്വകാര്യ കമ്പനി നടത്തുന്ന മണ്ണെടുപ്പ് ഗ്രാമപഞ്ചായത്ത് അംഗം പി. പ്രകാശന്റെ നേതൃത്വത്തിൽ തടഞ്ഞു. ഇതേത്തുടർന്ന് ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും നാട്ടുകാരുമായി ചർച്ച നടത്തുകയും ചെയ്തു.
അസിസ്റ്റൻറ് ജിയോളജി ഓഫിസർ വിജയ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ, ഗ്രാമപഞ്ചായത്ത് അംഗം പി. പ്രകാശൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ജിയോളജി ഓഫിസർക്ക് പരാതി നൽകി. പരാതി തീരുമാനമാകുന്നതുവരെ മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ബുധനാഴ്ച നാട്ടുകാരുടെ പ്രതിനിധി സംഘം ജിയോളജി വകുപ്പധികൃതരുമായി ഓഫിസിലെത്തി ചർച്ച നടത്തുമെന്ന് ജനകീയ സമിതി നേതാക്കൾ പറഞ്ഞു. ദേശീയപാത നിർമാണ പ്രവൃത്തിക്കായി കരാറുകാരായ വഗാഡ് കമ്പനിയാണ് സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ആറേക്കർ ഭൂമിയിൽ മലയിടിച്ച് മണ്ണെടുക്കുന്നത്.
ജലക്ഷാമമുള്ള ഇവിടെനിന്ന് മണ്ണെടുത്താൽ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ വറ്റിവരളുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്വകാര്യ കമ്പനിയുടെ മണ്ണെടുപ്പെന്ന് നാട്ടുകാർ പറഞ്ഞു. 12,500 മെട്രിക് ടൺ മണ്ണെടുക്കാൻ മാത്രമേ നിലവിൽ അനുമതിയുള്ളൂവെങ്കിലും ഇരട്ടിയിലധികം മണ്ണെടുത്തതായാണ് അനുമാനിക്കുന്നത്.
തട്ടുതട്ടായി എടുക്കുന്നതിനു പകരം കുത്തനെ താഴ്ത്തി മണ്ണെടുത്തത് അപകടസാധ്യത വരുത്തിവെക്കുന്ന നടപടിയാണ്. ജനങ്ങളുടെ സുരക്ഷയെ മാനിക്കാതെ നടത്തുന്ന അനധികൃത ഖനനം അനുവദിക്കാൻ കഴിയില്ലെന്നാണ് സമരസമിതി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.