മേപ്പയൂർ: അരിക്കുളത്ത് മാലിന്യസംഭരണ കേന്ദ്രം നിർമിക്കുന്നതിനെതിരെ നാട്ടുകാർ നടത്തിയ അനിശ്ചിതകാല രാപ്പകൽ സമരക്കാരെ കൊയിലാണ്ടി പൊലീസ് ഒഴിപ്പിച്ചു. സമരപ്പന്തലിലേക്ക് പൊലീസ് ഇരച്ചുകയറുകയും സമരക്കാരെ ആക്രമിച്ചതായും കർമസമിതി ആരോപിച്ചു. അറസ്റ്റ് ചെയ്ത ശേഷം മാലിന്യ സംഭരണ കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിക്കുകയായിരുന്നു. ഒരാഴ്ചക്കാലമായി കർമസമിതിയുടെ നേതൃത്വത്തിൽ ഇവിടെ അനിശ്ചിതകാല സമരം നടത്തിവന്നിരുന്നു.
സമരം നിർത്തണമെന്ന ആവശ്യം നിരസിച്ചതിനെ തുടർന്നാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള 109 പേരെ അറസ്റ്റ് ചെയ്തത്. അരിക്കുളം പ്രദേശത്തുകാർ വർഷങ്ങളായി പ്രയോജനപ്പെടുത്തിവരുന്ന പള്ളിക്കൽ കനാൽ സൈഫണിന് സമീപമുള്ള കനാൽ പുറമ്പോക്കിലാണ് മാലിന്യ സംഭരണ കേന്ദ്രം തുടങ്ങുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രദേശവാസികൾ കലാകായിക വിനോദ പരിപാടികൾക്കായി ഒത്തുകൂടിയിരുന്നത് ഇവിടെയായിരുന്നു. മാലിന്യസംഭരണ കേന്ദ്രമാക്കുന്നതിനെതിരെ സ്പെഷൽ ഗ്രാമസഭ വിളിച്ചുചേർത്തപ്പോൾ പങ്കെടുത്ത 118 പേരിൽ 117 പേരും എതിർക്കുകയാണുണ്ടായത്.
കളിക്കളം ഇല്ലാതാക്കി മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിന് പകരം അനുയോജ്യമായ സ്ഥലത്ത് കേന്ദ്രം സ്ഥാപിക്കാൻ പത്ത് സെന്റ് സ്ഥലം കർമസമിതി വിലക്കുവാങ്ങി പഞ്ചായത്തിന് കൈമാറാമെന്ന് ആർ.ഡി.ഒ. മുമ്പാകെ നിർദേശം വെച്ചെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് തള്ളിക്കളയുകയായിരുന്നു.
സമാധാനപരമായി സമരം നടത്തിയവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയ നടപടി അപലപനീയമാണെന്ന് കർമസമിതി ഭാരവാഹികൾ പറഞ്ഞു. അറസ്റ്റിൽ പ്രതിഷേധിച്ച് അരിക്കുളത്ത് വെള്ളിയാഴ്ച കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിച്ചു. തിങ്കളാഴ്ച മുതൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ അനിശ്ചിതകാല സമരം തുടരാനാണ് കർമസമിതി തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.